ചണ്ഡീഗഡ് : ഖാലിസ്ഥാനി അനുകൂല ഭീകരൻ അമൃത്പാൽ സിംഗ് കീഴടങ്ങുമെന്ന് വിവരം ലഭിച്ചതോടെ പഞ്ചാബിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിലെത്തി കീഴടങ്ങുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനിടെ ഒളിവിൽ കഴിയുന്ന അമൃത്പാൽ സിംഗിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്. തനിക്ക് സുഖമാണെന്നും ഇത്തവണ ബൈസാഖി ഉത്സവം ഒന്നിച്ച് ആഘോഷിക്കാമെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.
”ഞാൻ സുഖമായിരിക്കുന്നു. ഇനി നമുക്ക് പഞ്ചാബിന്റെ അവകാശങ്ങൾക്ക് വേണ്ടി ഒന്നിച്ച് പോരാടാം” എന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. ഇതിനായി ലോകമെമ്പാടുമുള്ള സിഖ് വിശ്വാസികൾ ഒന്നിക്കണമെന്ന് അമൃത്പാൽ സിംഗ് പറയുന്നുണ്ട്.
”ബൈസാഖി ദിനത്തിൽ നടക്കുന്ന സർബത്ത് ഖൽസ പരിപാടിയിൽ പങ്കെടുക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സിഖുകാരോടും അഭ്യർത്ഥിക്കുന്നു. വളരെക്കാലമായി, നമ്മുടെ സമൂഹം ചെറിയ വിഷയങ്ങൾ ഉയർത്തിക്കാണിക്കുന്നതിൽ മുഴുകിയിരിക്കുകയാണ്. എന്നാൽ പഞ്ചാബിലെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ നമ്മൾ ഒരുമിച്ച് നിൽക്കണം. സർക്കാർ നമ്മെ വഞ്ചിച്ച രീതി മനസ്സിൽ സൂക്ഷിക്കണം. നിരവധി പേരെ അവർ അറസ്റ്റ് ചെയ്തു, നിരവധി അനുയായികളെ അസമിലേക്ക് അയച്ചിട്ടുണ്ട്. ഇതെല്ലാംകൊണ്ടാണ് ബൈസാഖി ദിനത്തിൽ ഒത്തുകൂടാൻ ഞാൻ എല്ലാ സിഖുകാരോടും അഭ്യർത്ഥിക്കുന്നത്” അമൃത്പാൽ സിംഗ് പറഞ്ഞു.
കീഴടങ്ങുമെന്നറിയിച്ചതിന് പിന്നാലെ പുറത്തുവിട്ട ഈ വീഡിയോ കലാപത്തിന് ആഹ്വാനം നടത്തുന്നതാകാം എന്നാണ് വിലയിരുത്തൽ. അതിനാൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
Discussion about this post