തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയില്‍ ഭര്‍ത്താവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ(67) ആണ് മരിച്ചത്. ഭാര്യ മുംതാസിനേയും ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് ജീവനക്കാരനായ അലി അക്ബറാണ് ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിയത്. ആക്രമണത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയിലാണ്.
ഇന്ന് പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. എസ്എടി ആശുപത്രിയിലെ ജീവനക്കാരനാണ് അലി അക്ബര്‍. ഇയാള്‍ വീടിന് മുകളിലത്തെ നിലയിലും ഭാര്യയും ഭാര്യാമാതാവും താഴത്തെ നിലയിലുമായിരുന്നു താമസം. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവര്‍ തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ട്. എങ്കിലും ഒരു വീട്ടില്‍ തന്നെയായിരുന്നു താമസം.
ഭാര്യ മുംതാസിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം മണ്ണെണ ഒഴിച്ച് തീ കത്തിച്ചു. അലി അക്ബറും സ്വയം തീ കൊളുത്തി. ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈസ്കൂള്‍ അദ്ധ്യാപികയാണ് മുംതാസ്. അലി അക്ബര്‍ നാളെ സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം. അലി അക്ബറിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം.
Discussion about this post