ന്യൂഡൽഹി: പിന്നോക്ക സമുദായത്തെ അധിക്ഷേപിച്ച രാഹുൽ ഗാന്ധിക്ക് പട്ന കോടതിയുടെ നോട്ടീസ്. ഏപ്രിൽ 12ന് ഹാജരായി മൊഴി നൽകാനാണ് നോട്ടീസ്. മോദി വിഭാഗത്തിൽ പെടുന്ന സുശീൽ മോദിയുടെ പരാതിയിലാണ് നോട്ടീസ്.
കൂടാതെ, ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ തേടി ഡൽഹി പോലീസ് നൽകിയ നോട്ടീസിന് രാഹുൽ ഗാന്ധിക്ക് അനുവദിക്കപ്പെട്ട സാവകാശം ഇന്ന് അവസാനിക്കും. പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾ തന്നോട് പരാതി പറഞ്ഞു എന്നാണ് രാഹുൽ പ്രസംഗിച്ചത്. ഇതിന്റെ വിശദാംശങ്ങൾ നൽകാൻ പത്ത് ദിവസത്തെ സാവകാശമാണ് ഡൽഹി പോലീസ് രാഹുലിന് നൽകിയിരിക്കുന്നത്.
അതേസമയം മോദി വിഭാഗത്തിൽ പെട്ടവരെല്ലാം കള്ളന്മാരാണ് എന്ന രാഹുലിന്റെ പരാമർശമാണ് കേസിന് ആധാരമെന്ന്, പരാതി നൽകിയ ബിജെപി നേതാവ് സുശീൽ കുമാർ മോദി വ്യക്തമാക്കി. ഇതേ പരാമർശത്തിന്റെ പേരിൽ പൂർണേഷ് മോദി എന്നയാൾ നൽകിയ പരാതിയിലാണ് രാഹുലിനെതിരെ സൂറത്ത് കോടതി നടപടി സ്വീകരിച്ചത്. അപകീർത്തി കേസിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവാണ് രാഹുലിന് കോടതി വിധിച്ചത്.
രണ്ട് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജനപ്രാതിനിധ്യ നിയമ പ്രകാരം രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദായിരുന്നു. തുടർന്ന് രാഹുൽ അയോഗ്യനാക്കപ്പെട്ടതായി ലോക്സഭാ സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രകോപിതരായി കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും നടത്തുന്ന അക്രമ സമരങ്ങൾ രാജ്യത്ത് തുടരുകയാണ്.








