ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.കെ സന്ദര്‍ശനത്തെ ആവേശത്തോടെയാണ് കാണുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. മോദിയുടെ സന്ദര്‍ശനത്തെ ‘അസാധാരണ’മെന്ന് കാമറൂണ്‍ വിശേഷിപ്പിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി റെഡ് ആരോസ് റോയല്‍ എയര്‍ഫോഴ്‌സിന്റെ(ആര്‍.എ.എഫ്) യുദ്ധവിമാനങ്ങള്‍ ത്രിവര്‍ണ്ണ പരേഡ് സംഘടിപ്പിക്കുമെന്നും കാമറൂണ്‍ പറഞ്ഞു.
മോദിയുടെ സന്ദര്‍ശനത്തില്‍ താന്‍ ആകാംക്ഷാഭരിതനാണ്. ഇന്ത്യയിലെ മോദിയുടെ പ്രവര്‍ത്തനങ്ങളും തന്നെ ആവേശഭരിതനാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശാലമായ സാമ്പത്തിക കൂട്ടുകെട്ട് ആഘോഷമാക്കുകയല്ല മറിച്ച്, ഉറപ്പുളള നൂതന സഹകരണം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും കാമറൂണ്‍ വ്യക്തമാക്കി.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് മോദി ബ്രിട്ടനിലെത്തുന്നത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കുണ്ടായ കനത്ത തിരിച്ചടി മോദിയുടെ യു.കെ സന്ദര്‍ശനത്തിന്രെ നിറം കെടുത്തുമെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങളുടെ വിലയിരുത്തലുകള്‍ക്ക് പിന്നാലെയാണ് കാമറൂണിന്റെ പ്രസ്താവനയുണ്ടായത്.
തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം തുടങ്ങിയ വെല്ലുവിളികളെ നേരിടുന്നതിന് ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ഒരു നൂതന സഹകരണം കെട്ടിപ്പടുക്കാന്‍ മോദിയുടെ സന്ദര്‍ശനം സഹായിക്കുമെന്ന് കാമറൂണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
Discussion about this post