കൊച്ചി: അപ്രതീക്ഷിതമായി ഉണ്ടായ ആരോഗ്യ പ്രശ്നം നിമിത്തം അഭിനയ ജീവിതത്തിൽ ഉണ്ടായ വലിയ പ്രതിസന്ധിയെ കുറിച്ച് വെളിപ്പെടുത്തി നടി അനുശ്രീ. ആരോഗ്യ പ്രശ്നം നിമിത്തം ഒൻപത് മാസത്തോളം ഒരു മുറിയ്ക്കുള്ളിൽ കഴിയേണ്ടുന്ന അവസ്ഥ വന്നു. ഇടത് കൈ തളർന്ന് പോയെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അനുശ്രീ വെളിപ്പെടുത്തി.
ആദ്യം നടക്കുമ്പോൾ പെട്ടെന്ന് കൈക്ക് ബാലൻസ് നഷ്ടമാകുന്നത് പോലെ തോന്നി. ഇതിഹാസയിൽ അഭിനയിച്ച ശേഷമായിരുന്നു ഇത്. ആദ്യം എന്താണെന്ന് മനസിലായില്ല. പിന്നീട് ഇടയ്ക്കിടെ അങ്ങനെ സംഭവിക്കാൻ തുടങ്ങി. ആശുപത്രിയിൽ പോയി എക്സ് റേ ഒക്കെ എടുത്തെങ്കിലും അപ്പോൾ എന്താണെന്ന് കണ്ടുപിടിക്കാൻ പറ്റിയില്ലെന്ന് അനുശ്രീ പറയുന്നു.
അധികമായി ഒരു എല്ല് വളർന്ന് വരുന്നതാണ് പ്രശ്നമെന്ന് മനസ്സിലായത് മൂന്നു നാല് മാസത്തെ ചികിത്സയ്ക്കും പരിശോധനയ്ക്കും ശേഷമാണ്. കെെയിൽ പൾസ് കിട്ടാത്ത അവസ്ഥയായെന്നും നടി പറയുന്നു.
ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്നം കണ്ടെത്തുന്നത്. ആ സമയം ‘ഇതിഹാസ‘ റിലീസിന് ഒരുങ്ങുകയാണ്. പെട്ടെന്ന് സർജറി നടത്തി. എട്ട്-ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നു. ആ ഒമ്പത് മാസത്തോളം ഒരു റൂമിനുള്ളിലായിരുന്നു ജീവിതം.അനുശ്രീ തുടരുന്നു.
ഫിസിയോതെറാപ്പി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രത്തിൽ നിന്നും വിളിക്കുന്നത്. ഇടം കെെ കൊണ്ട് ഒരു കോഫി പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തി. നാല് മാസത്തോളം അവർ തനിക്ക് വേണ്ടി കാത്ത് നിന്നുവെന്ന് അനുശ്രീ പറഞ്ഞു.
‘ചന്ദ്രേട്ടൻ എവിടെയാ‘ എന്ന ചിത്രത്തിൽ ദിലീപ് ഒരുപാട് സഹായിച്ചു. ആ ബഹുമാനം അദ്ദേഹത്തോട് ഉണ്ട്. പുലിമുരുകൻ ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ അവസരം ആ സമയത്ത് നഷ്ടമായെന്നും അനുശ്രീ പറഞ്ഞു.












