മുംബൈ: വിമാനത്തിനുള്ളിൽ വച്ച് ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. 24കാരിയായ ക്യാബിൻ ക്രൂവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ 63കാരനായ സ്വീഡിഷ് പൗരനായ എറിക് ഹരാൾഡ് എന്ന യാത്രക്കാരനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം.
വിമാനത്തിനുള്ളിൽ വച്ച് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ ഇയാൾ സഹയാത്രികരെ ആക്രമിക്കുകയും, വിമാനത്തിനുള്ളിൽ വച്ച് ബഹളം ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. വിമാനത്തിനുള്ളിൽ വച്ച് ഭക്ഷണം വിളമ്പുമ്പോഴാണ് ഇയാൾ എയർ ഹോസ്റ്റസിനോട് ആദ്യം അപമര്യാദയായി പെരുമാറുന്നത്. പിന്നീട് മറ്റൊരു ഭക്ഷണം വാങ്ങിയ ശേഷം, പണം വാങ്ങുന്നതിനായി എയർ ഹോസ്റ്റസ് പിഒഎസ് മെഷീനുമായി എത്തി. തുടർന്ന് കാർഡ് സൈ്വപ്പ് ചെയ്യാനെന്ന വ്യാജേന ഇയാൾ എയർ ഹോസ്റ്റസിന്റെ കയ്യിൽ കയറി പിടിച്ചു.
ഇതിനെതിരെ പ്രതികരിച്ചതോടെ ഇയാൾ സീറ്റിൽ നിന്ന് എഴുന്നേറ്റ ശേഷം മറ്റ് യാത്രക്കാരുടെ മുന്നിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഇവർ ബഹളം വച്ചതോടെ ഇയാൾ സീറ്റിലേക്ക് മടങ്ങിയെങ്കിലും അവിടെ ചെന്നിരുന്ന ശേഷം ജീവനക്കാരേയും മറ്റ് യാത്രക്കാരേയും അസഭ്യം പറയുകയുമായിരുന്നു,
എയർ ഹോസ്റ്റസ് ഈ സംഭവം ഉടനെ തന്നെ ഫ്‌ളൈറ്റ് ക്യാപ്റ്റനെ അറിയിച്ചു. ഇതോടെ വിമാനം മുംബൈയിൽ എത്തിയ ഉടൻ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ധേരി മെട്രോപൊളിറ്റൻ കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് പിന്നീട് ജാമ്യം നൽകി വിട്ടയച്ചു.
Discussion about this post