തിരുവനന്തപുരം: ശമ്പളം നൽകാത്തതിനെതിരെ ജോലി ചെയ്ത വനിതാ കണ്ടക്ടർക്കെതിരെ നടപടി സ്വീകരിച്ച കെഎസ്ആർടിസിയെ പരിഹസിച്ചും വിമർശിച്ചും അഡ്വ.എ. ജയശങ്കർ. സ്ത്രീ എന്ന പരിഗണന കൊണ്ടായിരിക്കും വനിതാ കണ്ടക്ടറെ കെഎസ്ആർടിസി പിരിച്ചു വിടാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ് നായരെയാണ് ജോലിയെടുത്ത് പ്രതിഷേധിച്ചതിന്റെ പേരിൽ സ്ഥലം മാറ്റിയത്.
ഫേസ്ബുക്കിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ശമ്പള രഹിത സേവനം നാൽപ്പത്തൊന്നാം ദിവസം’ എന്ന് കടലാസു തുണ്ടിലെഴുതി യൂണിഫോമിൽ കുത്തിയ കണ്ടക്ടർ അഖില എസ് നായരെ കെഎസ്ആർടിസി വൈക്കം ഡിപ്പോയിൽ നിന്ന് പാലാ ഡിപ്പോയിലേക്ക് സ്ഥലം മാറ്റി. സ്ത്രീ എന്ന പരിഗണന കൊണ്ടായിരിക്കും സസ്പെന്റു ചെയ്യാഞ്ഞത്. ശമ്പളം കൊടുക്കാൻ പാങ്ങില്ലെങ്കിലും ജീവനക്കാരെ നിലയ്ക്ക് നിർത്താനറിയാം എന്ന് തെളിയിച്ച കെഎസ്ആർടിസി മാനേജ്മെന്റിന് വിപ്ലവാഭിവാദ്യങ്ങൾ!എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അഖില ജോലി ചെയ്തുകൊണ്ട് പ്രതിഷേധിച്ചത്. ജോലിയ്ക്കിടെ ‘ ശമ്പള രഹിത സേവനം നാൽപ്പത്തിയൊന്നാം ദിവസം’ എന്ന് എഴുതിയ ബാഡ്ജും ധരിച്ചിരുന്നു. ബാഡ്ജ് ധരിച്ചുള്ള അഖിലയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും, ഇതിന് പിന്നാലെ സർക്കാരിനെയും കെഎസ്ആർടിസിയെയും വിമർശിച്ച് നിരവധി പേർ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് അഖിലയ്‌ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചത്.












