ചണ്ഡീഗഡ്: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി. 10 മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷമാണ് സിദ്ദു ജയിൽ മോചിതനാകുന്നത്. കഴിഞ്ഞ വർഷമായിരുന്നു സുപ്രീംകോടതി സിദ്ദുവിന് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.
വൈകീട്ടോടെയായിരുന്നു അദ്ദേഹം ജയിൽ മോചിതനായത്. 10 മാസത്തിന് ശേഷം പുറത്തിറങ്ങുന്ന അദ്ദേഹത്തെ സ്വീകരിക്കാൻ നൂറോളം പ്രവർത്തകർ പട്യാല ജയിലിനു മുൻപിൽ തടിച്ച് കൂടി. ജയിലിനുള്ളിൽ എല്ലാ ചട്ടങ്ങളും പാലിച്ചായിരുന്നു സിദ്ദു കഴിഞ്ഞിരുന്നത്. ഇതാണ് ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിന് രണ്ട് മാസം മുൻപ് തന്നെ അദ്ദേഹത്തെ ജയിൽ മോചിതനാക്കാൻ കാരണം. സുപ്രീംകോടതി വിധി പ്രകാരം മെയ് 20നാണ് സിദ്ദുവിന്റെ ശിക്ഷാ കാലാവധി പൂർത്തിയാകുക.
1988 ൽ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു സിദ്ദുവിനെ കോടതി ശിക്ഷിച്ചത്. പട്യാല സ്വദേശിയായ ഗുർനാം സിഗിംനെയായിരുന്നു സിദ്ദു കൊലപ്പെടുത്തിയത്. ഗുർനാം സിംഗും സുഹൃത്തുമൊത്ത് പണം പിൻവലിക്കുന്നതിനായി ബാങ്കിലേക്ക് കാറിൽ പോകുകയായിരുന്നു. ഇതിനിടെ ഷെരൺവാല ഗേറ്റിന് സമീപത്തെ റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കി സിദ്ദുവും സുഹൃത്തും അവരുടെ വാഹനം പാർക്ക് ചെയ്തിരുന്നു. ഇത് ഗുർനാം സിംഗ് ചോദ്യം ചെയ്യുകയും ഇതേ തുടർന്നുണ്ടായ വാക്കു തർക്കം സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്തിരുന്നു. ഇതിനിടെ സിദ്ദുവിന്റെ അടിയേറ്റ് ഗുർനാം കൊല്ലപ്പെടുകയായിരുന്നു.
അതേസമയം ജയിൽ മോചിതനായ സിദ്ദു ഝലന്ദറിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് സൂചന. രാഹുൽ നയിച്ച ഭാരത് ജോഡോ യാത്രയ്ക്കിടെ മരിച്ച എംപി ശന്തോക് സിംഗ് ചൗധരിയുടെ മണ്ഡലമായിരുന്നു ഝലന്ദർ.
Discussion about this post