കാബൂൾ: സ്ത്രീകൾ നടത്തുന്ന ഏക റേഡിയോ സ്‌റ്റേഷൻ അടച്ചുപൂട്ടി താലിബാൻ. റമ്ദാൻ മാസത്തിൽ സംഗീതം പ്ലേ ചെയ്തുവെന്നാരോപിച്ചാണ് താലിബാന്റെ ഈ ക്രൂര നടപടി. സ്ത്രീകളുടെ ശബ്ദം എന്നർത്ഥം വരുന്ന സദായ് ബനോവൻ എന്നാണ് സ്ത്രീകൾ നടത്തുന്ന റേഡിയോ സ്റ്റേഷന്റെ പേര്. 10 വർഷം മുമ്പ് ആരംഭിച്ച ഈ റേഡിയോ സ്റ്റേഷനിൽ ജോലി ചെയ്യുന്ന എട്ട് പേരിൽ ആറും സ്ത്രീകളാണ്.
സ്ഥാപനം അടച്ചതിന് പിന്നാലെ, റമദാനിൽ പാട്ടും സംഗീതവും വായിച്ച് റേഡിയോ സ്റ്റേഷൻ ഇസ്ലാമിക് എമിറേറ്റിന്റെ നിയമങ്ങളും ചട്ടങ്ങളും നിരവധി തവണ ലംഘിച്ചതായി ബദഖ്ഷാൻ പ്രവിശ്യയിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡയറക്ടർ മൊയ്‌സുദ്ദീൻ അഹമ്മദി ആരോപിച്ചു.
ഈ റേഡിയോ സ്റ്റേഷൻ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ നയം അംഗീകരിക്കുകയും ഇനി ഇത്തരമൊരു കാര്യം ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നുവെങ്കിൽ, റേഡിയോ സ്‌റ്റേഷൻ വീണ്ടും പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡയറക്ടർ മൊയ്‌സുദ്ദീൻ അഹമ്മദി കൂട്ടിച്ചേർത്തു.
അതേസമയം തങ്ങൾ യാതൊരു നിയമവും ലംഘിച്ചിട്ടില്ലെന്നും സ്ഥാപനം അടച്ചുപൂട്ടിയ് ഗൂഢാലോചനയുടെ ഭാഗമാണെന്നും റേഡിയോ സ്‌റ്റേഷൻ മേധാവി വ്യക്തമാക്കി.
Discussion about this post