ന്യൂഡൽഹി: ഡൽഹിയിൽ അഭിഭാഷകനെ ബൈക്കിലെത്തിയ സംഘം വെടിവച്ചുകൊന്നു. ദ്വാരകയിൽ ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ദ്വാരക സെക്ടർ 12 ലെ താമസക്കാരനായ വിരേന്ദർ കുമാർ ആണ് കൊല്ലപ്പെട്ടത്.
തന്റെ മാരുതി എർട്ടിഗോ വാഹനത്തിൽ വീട്ടിലേക്ക് വരികയായിരുന്നുവ വീരേന്ദർ. ഇതിനിടെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. വഴിയിൽ നിർത്തിയിട്ടിരിക്കുന്ന കാർ കണ്ട് സംശയം തോന്നിയ ചിലർ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് വീരേന്ദറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത് എന്ന് വ്യക്തമായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.








