ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. ഗഡ്ചിരോളിയിലെ തുമാർകോടി സ്വദേശി സമീർ എന്ന സാധു ലിംഗ മൊഹന്ദ (31)യാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സമീർ.
2014-15 കാലഘട്ടത്തിൽ ഛാത്ത്ഗാവ് ദളത്തിലൂടെയാണ് സമീർ നക്സലൈറ്റ് ഭീകര പ്രസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചത്. 2017ൽ സായുധ പരിശീലനം നേടി. 2018 മുതൽ നിരവധി കമ്മ്യൂണിസ്റ്റ് ഭീകരാക്രമണങ്ങളിൽ പങ്കാളിയായി.
മൂന്ന് റൈഫിളുകളും നിരവധി ലഘുലേഖകളും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു. വനത്തിനുള്ളിൽ തിരച്ചിൽ നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേർക്ക് എഴുപതോളം വരുന്ന ഭീകരർ നിറയൊഴിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പോലീസ് നടത്തിയ പ്രത്യാക്രമണത്തിലായിരുന്നു സമീർ കൊല്ലപ്പെട്ടത്. പോലീസുകാരെ വകവരുത്തി ആയുധങ്ങൾ തട്ടിയെടുക്കുക എന്നതായിരുന്നു ഭീകരരുടെ ലക്ഷ്യം.
ഒരു മണിക്കൂറോളം നീണ്ട വെടിവെപ്പിനൊടുവിൽ ഭീകരർ കാട്ടിനുള്ളിലേക്ക് ചിതറിയോടി. നിരവധി ഭീകരർക്ക് പരിക്കേറ്റതായാണ് വിവരം. മഹാരാഷ്ട്ര സർക്കാർ 2 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഭീകരനാണ് കൊല്ലപ്പെട്ട സമീർ. കാട്ടിനുള്ളിൽ തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.








