ബീജിംഗ്: ചൈനയിലെ കോളേജ് വിദ്യാർത്ഥികൾക്ക് സ്പ്രിംഗ് ബ്രേക്ക് നൽകാൻ ഭരണകൂടത്തിന്റെ നിർദ്ദേശം. ചൈനയിലെ ഒമ്പത് വൊക്കേഷണൽ കോള്ജുകളിലെ വിദ്യാർത്ഥികൾക്കാണ് ഏപ്രിൽ മാസത്തിലെ ഒരാഴ്ച സ്പ്രിംഗ് ബ്രേക്ക് ആയി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഈ അവധി ദിനങ്ങളിൽ വിദ്യാർത്ഥികൾ സ്‌നേഹം കണ്ടെത്തണമെന്നാണ് അധികൃതരുടെ പ്രത്യേക നിർദ്ദേശം. ഏപ്രിൽ ഒന്ന് മുതൽ 7 വരെയാണ് അവധി. എങ്ങനെ പ്രണയിക്കാമെന്നും, പ്രണയത്തിന്റെ പ്രകൃതമെന്താണെന്നും, പ്രണയ ജീവിതം എങ്ങനെയാണെന്നും, പ്രണയം എങ്ങനെ ആസ്വദിക്കാമെന്നും അവധിദിനങ്ങളിലൂടെ മനസ്സിലാക്കാനാണ് നിർദേശം.
പ്രകൃതിയെ സ്‌നേഹിക്കാനും ജീവിതത്തെ സ്‌നേഹിക്കാനും സ്‌നേഹം ആസ്വദിക്കാനും വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്‌കൂൾ സ്പ്രിംഗ് ബ്രേക്ക് സംവിധാനം നടപ്പിലാക്കുന്നതെന്ന് മിയാൻയാങ് ഏവിയേഷൻ വൊക്കേഷണൽ കോളേജിന്റെ ഡെപ്യൂട്ടി ഡീൻ ലിയാങ് ഗുവോഹുയി പ്രസ്താവനയിൽ പറഞ്ഞു.കാമ്പസിന് പുറത്ത് നിന്ന് പഠിക്കാനും, പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കാനും പുതിയ ജീവിതാനുഭവം നേടാനും ഒരു നിശ്ചിത സമയം വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. ഈ നിവേദനത്തിന് മറുപടിയായാണ് സ്പ്രിംഗ് ബ്രേക്ക് പ്രോഗ്രാം ആരംഭിച്ചതെന്ന് സിചുവാൻ സൗത്ത് വെസ്റ്റ് ഏവിയേഷൻ വൊക്കേഷണൽ കോളേജിന്റെ ഡെപ്യൂട്ടി ഡീനായ ലിയു പിംഗ് വ്യക്തമാക്കി.
വിദ്യാർത്ഥികൾക്കായി ഗൃഹപാഠങ്ങളും ഈ അവസരത്തിൽ നൽകും. ഡയറി എഴുതാനും, വ്യക്തി വികസനത്തെ കുറിച്ച് കൃത്യമായി മനസ്സിലാക്കാനും, ട്രാവൽ വീഡിയോസ് ഷൂട്ട് ചെയ്യാനുമെല്ലാം കോളേജ് നിർദേശിച്ചിട്ടുണ്ട്.
രാജ്യത്ത് അതിവേഗം കുറയുന്ന ജനന നിരക്കും വിവാഹ നിരക്കും ഉയർത്താനുള്ള ചൈനയുടെ നീക്കങ്ങൾക്കിടയിലാണ് പ്രഖ്യാപനം. രാജ്യത്ത് നടത്തിയ പഠനങ്ങളിൽ യുവാക്കളുടെ എണ്ണം കുറയുന്നതായും, കുടുംബബന്ധങ്ങളിൽ താത്പര്യം കാണിക്കാതിരിക്കുന്നതായും തെളിഞ്ഞിരുന്നു. ഇത് വലിയ ആപത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പിനൊടുവിലാണ് രാജ്യത്തെ ജനനനിരക്കും വിവാഹനിരക്കും വർദ്ധിപ്പിക്കാൻ ഭരണകൂടം പുതിയ പദ്ധതികൾ കൊണ്ടുവരുന്നത്.









