ന്യൂഡൽഹി: ഔദ്യോഗിക സന്ദർശനത്തിനായി കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹം നാല് ദിവസത്തെ സന്ദർശനത്തിനായി ഓസ്‌ട്രേലിയയിലേക്ക് തിരിച്ചത്. അദ്ദേഹത്തിന്റെ സന്ദർശനം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധത്തിൽ ഏറെ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
ഓസ്‌ട്രേലിയയിൽ എത്തുന്ന അദ്ദേഹം വിവിധ പ്രതിരോധ സേനകളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഇതിന് പുറമേ ഓസ്‌ട്രേലിയൻ സംയുക്ത സൈനിക മേധാവിയുമായും അദ്ദേഹം ചർച്ച നടത്തും. പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാകും സംയുക്ത സൈനിക മേധാവിയുമായി ചർച്ച ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ.
ഇതിന് ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥർ സംഘടിപ്പിക്കുന്ന വിരുന്നിലും മനോജ് പാണ്ഡെ പങ്കുകൊള്ളും. പ്രതിരോധ മേഖലയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മനോജ് പാണ്ഡെ സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും. ഇരു രാജ്യങ്ങളും കൂടിച്ചേർന്നുകൊണ്ടുള്ള സംയുക്ത സൈനിക അഭ്യാസ പ്രകടനങ്ങളും ചർച്ചയിൽ പ്രധാന വിഷയമാകും. ഇവയ്‌ക്കെല്ലാം പുറമേ വിവിധ സൈനിക കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.








