മുളങ്കുന്നത്തുകാവ്: വീട്ടിൽ നിന്ന് പ്രഭാതഭക്ഷണം കഴിച്ചതിന് പിന്നാലെ ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ചു. പുഴയ്ക്കൽ ശോഭാ സിറ്റിയിൽ സൂപ്പർവൈസറായ അവണൂർ എടക്കുളം അമ്മാനത്ത് ശശീന്ദ്രനാണ്(59) മരിച്ചത്. വീട്ടിലുണ്ടാക്കിയ ഇഡ്ഡലി, സാമ്പാർ, കടലക്കറി എന്നിവ കഴിച്ചതിന് പിന്നാലെയാണ് ശശീന്ദ്രൻ മരിക്കുന്നത്. ശശീന്ദ്രനൊപ്പം ഭക്ഷണം കഴിച്ച അമ്മ കമലാക്ഷി(92), ഭാര്യ ഗീത(45) ഇവരുടെ പറമ്പിൽ പണിയാനെത്തിയ തണ്ടിലംപറമ്പിൽ ശ്രീരാമചന്ദ്രൻ, വേടരിയാട്ടിൽ ചന്ദ്രൻ(60) എന്നിവരും രക്തം ഛർദ്ദിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭക്ഷണത്തിൽ വിഷം കലർന്നതായി സംശയിക്കുന്നുണ്ട്. വീട്ടിൽ ഉണ്ടായിരുന്ന മകൻ മയൂർനാഥ് ഈ ഭക്ഷണം കഴിക്കാതിരുന്നതിനാൽ രക്ഷപെടുകയായിരുന്നു. അടുത്തിടെ കുടൽ ശസ്ത്രക്രിയക്ക് വിധേയനായ മയൂർനാഥ് പ്രത്യേകം തയ്യാറാക്കിയ ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നതെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ ഭക്ഷണം കഴിച്ചതിന് ശേഷം തെങ്ങുകയറ്റ തൊഴിലാളികൾക്ക് കൂലി നൽകാനുള്ള പണമെടുക്കുന്നതിനായി മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ എടിഎം കൗണ്ടറിന് മുന്നിലെത്തിയപ്പോഴാണ് ശശീന്ദ്രന് അസ്വസ്ഥത അനുഭവപ്പെട്ടത്. സ്‌കൂട്ടറിൽ തളർന്നിരുന്ന ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പരിശോധന നടക്കുന്നതിനിടെ രക്തം ഛർദ്ദിച്ച് അവശനിലയിലാവുകയും, മരണം സംഭവിക്കുകയുമായിരുന്നു.
സ്വാഭാവിക മരണമാണെന്ന നിഗമനത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തൊട്ടുപിന്നാലെ ഭാര്യ ഗീതയ്ക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ശശീന്ദ്രന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസിൽ തന്നെ ഗീതയേയും ആശുപത്രിയിൽ എത്തിച്ചു. വൈകാതെ തന്നെ അമ്മയും വീട്ടിൽ ജോലിക്കെത്തിയ തൊഴിലാളികളും അസ്വസ്ഥത പ്രകടിപ്പിച്ച് ചികിത്സ തേടി. ശാരീരിക അസ്വസ്ഥതകളിൽ സാമ്യതയും ദുരൂഹതയും സംശയിച്ച ഡോക്ടർമാർ ഉടൻ ശശീന്ദ്രന്റെ മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












