ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. രാഹുൽ നേരിട്ട് കോടതിയിലേക്ക് പോകുന്നത് ഒരു നാടകമാണെന്ന് കിരൺ റിജിജു ആരോപിച്ചു.
‘അപ്പീൽ നൽകാൻ രാഹുൽ ഗാന്ധി സൂറത്തിലേക്ക് പോകാനിരിക്കുകയാണ്. ഒരു കുറ്റവാളിയും അപ്പീൽ നൽകാൻ നേരിട്ട് കോടതിയിൽ പോകാറില്ല. എന്നാലിപ്പോൾ നേതാക്കളുടേയും സഹായികളുടേയും ഒപ്പം രാഹുൽ കോടതിയിലേക്ക് പോകുന്നത് വെറുമൊരു നാടകം മാത്രമാണ്. കോടതിയിൽ സമ്മർദ്ദം ചെലുത്താനുള്ള തന്ത്രം കൂടിയാണിത്. എന്നാൽ രാജ്യത്തെ എല്ലാ കോടതികളും ഇത്തരം തന്ത്രങ്ങളിൽ നിന്ന് മുക്തമാണെന്നും” കിരൺ റിജിജു പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും രാഹുൽ കോൺഗ്രസ് നേതാക്കളോടൊപ്പം അപ്പീൽ നൽകുന്നതിനായി സൂറത്തിലെത്തുന്നത്. പ്രിയങ്ക ഗാന്ധിയും മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലാട്ട്, ഭൂപേഷ് ബാഗൽ, രാജ്യസഭാംഗമായ കെ.സി.വേണുഗോപാൽ എന്നിവരോടൊപ്പമാണ് രാഹുൽ കോടതിയിലേക്ക് പോകാനിരിക്കുന്നത്.
സിജെഎം കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാഹുൽ അപ്പീൽ നൽകുന്നത്. അപ്പീലിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്നും രാഹുലിന്റെ അഭിഭാഷകർ സെഷൻസ് കോടതിയിൽ ആവശ്യപ്പെടും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകത്തിലെ കോലാറിൽ പിന്നാക്ക സമുദായത്തിനെതിരേ നടത്തിയ പരാമർശങ്ങൾക്കാണ് രാഹുൽഗാന്ധിക്ക് സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
Discussion about this post