ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ വെള്ളിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) അംഗമായ ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു. ബില്ലവാർ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് ജമ്മു റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ഭീം സെയ്ൻ ടുട്ടി അറിയിച്ചു. ബില്ലാവാർ പ്രദേശത്ത് സൈന്യവും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ആണ് പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ഭീകരൻ ജെയ്‌ഷെ മുഹമ്മദ് കമാൻഡറായ ഉസ്മാൻ ആണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എം4 ഓട്ടോമാറ്റിക് റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ, കത്വയിൽ മൂന്ന് തീവ്രവാദ ഒളിത്താവളങ്ങൾ സുരക്ഷാ സേന തകർത്തിരുന്നു.
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി കരസേനയുടെ വടക്കൻ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ്മ ബുധനാഴ്ച കത്വ ജില്ല സന്ദർശിച്ചു. ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോറിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് (ജിഒസി) ലെഫ്റ്റനന്റ് ജനറൽ പി കെ മിശ്ര, ഹിമാചൽ പ്രദേശ് ആസ്ഥാനമായുള്ള റൈസിംഗ് സ്റ്റാർ കോറിന്റെ ജിഒസി ലെഫ്റ്റനന്റ് ജനറൽ രാജൻ ഷരാവത്ത് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.












Discussion about this post