ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണ്ണ-വെള്ളി ശേഖരത്തിന്റെ അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്ത്. ഗുരുവായൂരപ്പന്റെ ഭണ്ഡാരത്തിലും സ്ട്രോങ്ങ് റൂമിലുമായി ഏകദേശം 1,119.16 കിലോഗ്രാം സ്വർണ്ണമുണ്ടെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ഇത് ഏകദേശം 13,98,695 പവൻ വരും. നിലവിലെ വിപണി വിലയനുസരിച്ച് പവന് 1,14,500 രൂപ കണക്കാക്കിയാൽ ഏകദേശം 1,601 കോടി രൂപയിലധികം മൂല്യം ഈ തങ്കശേഖരത്തിനുണ്ട്. പാലക്കാട് മഞ്ഞപ്ര സ്വദേശി പേരലിക്കളം കൃഷ്ണദാസ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ദേവസ്വം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എൻ. ഷാജു ശങ്കറാണ് ഈ വിവരങ്ങൾ ഔദ്യോഗികമായി നൽകിയത്.
സ്വർണ്ണത്തിന് പുറമെ ഭീമമായ വെള്ളി ശേഖരവും ഭഗവാന്റെ പേരിലുണ്ട്. 6,335 കിലോ വെള്ളിയാണ് ദേവസ്വത്തിന്റെ കൈവശമുള്ളത്. കൂടാതെ 215.75 കിലോഗ്രാം ചെമ്പുനാണയങ്ങളും ശേഖരത്തിലുണ്ട്. ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ സ്വർണ്ണ-വെള്ളി ഉരുപ്പടികൾ ഇതിനു പുറമെയാണെന്നും അധികൃതർ വ്യക്തമാക്കി. ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണ്ണാഭരണങ്ങൾ, സ്വർണ്ണക്കട്ടികൾ, വിഗ്രഹങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മുൻപ് ബാങ്കുകളിൽ നിക്ഷേപിച്ച സ്വർണ്ണത്തിന് പുറമെയാണിതെന്നാണ് സൂചന.
ദേശീയ തലത്തിൽ തന്നെ ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകളും ഭണ്ഡാര വരവുമുള്ള ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂരിൽ ഓരോ മാസവും കിലോക്കണക്കിന് സ്വർണ്ണമാണ് ഭക്തർ വഴിപാടായി സമർപ്പിക്കുന്നത്.










Discussion about this post