തിരുവനന്തപുരം: ശ്രീകാര്യത്ത് വിരണ്ടോടിയ ആന സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തൂക്കിയെടുത്ത് എറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കരിയം കരിമ്പുകോണം ദേവീക്ഷേത്രത്തിലെ പരിപാടിയ്ക്കിടെയായിരുന്നു സംഭവം. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ നാല് പേർക്ക് സംഭവത്തിൽ പരിക്കേറ്റു.
ക്ഷേത്രത്തിലെ ഘോഷ യാത്രയ്ക്കായി രണ്ട് ആനകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാനയുടെ വാലിൽ മദ്യപിച്ച് ഉത്സവത്തിനെത്തിയവർ പിടിച്ചതാണ് വിരണ്ടോടാൻ കാരണം. ആന വിരണ്ടതോടെ ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയവർ നാല് പാടും ചിതറിയോടി. ഇതിനിടെ വീണാണ് ആളുകൾക്ക് പരിക്കേറ്റത്.
അൽപ്പ ദൂരം മുന്നോട്ട് ഓടിയ ആന സിപിഎം അണിയൂർ ബ്രാഞ്ച് സെക്രട്ടറി അച്ചുവിനെ തുമ്പിക്കയ്യിൽ പൊക്കിയെടുത്ത് എറിഞ്ഞു. പിന്നെയും മുന്നോട്ട് പോയ ആനയെ ഉടൻ തളയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് എത്തി വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ തുടർന്നുള്ള ചടങ്ങുകൾ നടത്താൻ സംഘാടകരോട് നിർദ്ദേശിച്ചു. ഇതോടെ വാദ്യമേളങ്ങൾ ഇല്ലാതെയായിരുന്നു തുടർ ചടങ്ങുകൾ.
അച്ചുവിന് പുറമേ പ്രദേശവാസികളായ വിഷ്ണുവർദ്ധൻ, സന്ധ്യ, കെസിയ, സോനു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.












