ബ്രസൽസ്: നാറ്റോ സഖ്യത്തിലെ മുപ്പത്തിയൊന്നാം അംഗ രാജ്യത്തെ ഏപ്രിൽ 4ന് പ്രഖ്യാപിക്കും. ഫിൻലൻഡാണ് നാറ്റോയിലേക്ക് പുതിയതായി എത്തുന്ന അംഗരാജ്യം. നാറ്റോയിൽ ചേരാനുള്ള ഫിൻലൻഡിന്റെ അപേക്ഷയിൽ തുർക്കി കൂടി അനുകൂല നിലപാടെടുത്തതോടെയാണ് സഖ്യം വീണ്ടും വിപുലീകരിക്കപ്പെടുന്നതെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് അറിയിച്ചു.
ഫിൻലൻഡിന്റെ നാറ്റോ പ്രവേശനം സഖ്യത്തെ കൂടുതൽ ശക്തമാക്കുമെന്നും ഫിൻലൻഡിനെ കൂടുതൽ സുരക്ഷിതമാക്കുമെന്നും ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. ഫിൻലൻഡിന്റെ അംഗത്വത്തെ ചരിത്രപരം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഫിൻലൻഡിനെ കൂടി അംഗമാക്കാനുള്ള നാറ്റോയുടെ തീരുമാനത്തെ പ്രതീക്ഷയോടെയാണ് യുക്രെയ്ൻ നോക്കിക്കാണുന്നത്. നാറ്റോയിൽ അംഗമാകാനുള്ള താത്പര്യം പലപ്പോഴായി യുക്രെയ്ൻ പല തരത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നാറ്റോ സഖ്യം വിപുലീകരിക്കപ്പെടുന്നതിനെ റഷ്യയും ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
അതേസമയം, നാറ്റോയുടെ യുക്രെയ്ൻ കമ്മീഷൻ നാളെ യോഗം ചേരുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് അറിയിച്ചു. യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുളേബ യോഗത്തിൽ പങ്കെടുക്കും. റഷ്യ- യുക്രെയ്ൻ യുദ്ധത്തിന്റെ നിലവിലെ സ്ഥിതിയും യുദ്ധത്തിൽ യുക്രെയ്ന് നൽകുന്ന പിന്തുണയുടെ വിശദ വിവരങ്ങളും ഇതിൽ ചർച്ചയാകും.












