ന്യൂഡൽഹി; ഇന്ത്യക്കെതിരായി ഭീകരാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകൻ യാസിൻ ഭട്കലിനും കൂട്ടാളികളായ പത്ത് പേർക്കുമെതിരെ യുഎപിഎ കേസ് പ്രകാരം കുറ്റം ചുമത്തി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കുറ്റം ചുമത്തിയത്.
കേസിൽ മൂന്ന് പ്രതികളെ വെറുതെവിട്ട പ്രത്യേക എൻഐഎ ജഡ്ജി ശൈലേന്ദ്ര മാലിക്, ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ ഭട്കൽ നിരന്തരം തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതിയിൽ നിന്ന് ജിഹാദിന്റെ പേരിൽ അമുസ്ലീങ്ങളെ കൊലപ്പെടുത്തുന്നതിനെ ന്യായീകരിക്കുന്ന കുറിപ്പുകളും ജിഹാദുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകളും ജിഹാദിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്ന താലിബിന്റെയും അൽ ഖ്വയ്ദയുടെയും വീഡിയോകളും അന്വേഷണസംഘം കണ്ടെത്തിയത് കോടതി ചൂണ്ടിക്കാട്ടി.
സൂറത്തിൽ അണുബോംബ് ഇടും മുൻപേ പട്ടണത്തിൽ നിന്ന് മുസ്ലീങ്ങളെ ഒഴിപ്പിക്കാൻ ഇന്ത്യൻ മുജാഹിദീൻ പദ്ധതിയിട്ടിരുന്നതായും കോടതി യാസിൻ ഭട്കലും സഹായി മൊഹമ്മദ് സാജിദും (ബഡാ സാജിദ്) തമ്മിലുള്ള സംഭാഷണം പരിശോധിച്ച ശേഷം കോടതി വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഗൂഢാലോചനയിൽ മാത്രമല്ല, ഐഇഡികളും സ്ഫോടക വസ്തുക്കളും തയ്യാറാക്കുന്നതിലും ഭട്കലിന് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. വിവിധ ഇലക്ട്രോണിക്, ഡിജിറ്റൽ തെളിവുകൾ വ്യക്തമായി പരിശോധിച്ച ശേഷമാണ് കോടതിയുടെ ഈ നിരീക്ഷണം.
നേരത്തെ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) ബന്ധം പുലർത്തിയിരുന്നവരാണ് വിചാരണ നേരിടുന്ന പ്രതികൾ. 1992 ലെ തർക്ക മന്ദിരം തകർന്നതിന് ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യൻ മുജാഹിദീൻ എന്ന പേരിൽ ഒരു പുതിയ ഭീകര സംഘടന ഇവർ രൂപീകരിക്കുകയായിരുന്നു.
Discussion about this post