ചെന്നൈ: നാല് വർഷത്തിന് ശേഷം വിരുന്നെത്തിയ ഐപിഎൽ മത്സരം ഹോം ഗ്രൗണ്ടിൽ ഗംഭീരമാക്കി ചെന്നൈ ബാറ്റ്സ്മാന്മാർ. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. മികച്ച ഫോമിൽ കളിക്കുന്ന ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന്റെ അർദ്ധ സെഞ്ച്വറിയാണ് ചെന്നൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ഗെയ്ക്വാദ് 31 പന്തിൽ 57 റൺസ് നേടി. 9.1 ഓവറിൽ ഡെവൺ കോൺവേയുമായി ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 110 റൺസിന്റെ കൂട്ടുകെട്ടാണ് ഗെയ്ക്വാദ് പടുത്തുയർത്തിയത്. കോൺവേ 47 റൺസെടുത്തു. പിന്നീട് തുടരെ വിക്കറ്റുകൾ വീണുവെങ്കിലും കൂറ്റൻ അടികളിലൂടെ ചെന്നൈ റൺ റേറ്റ് താഴാതെ കാത്തു. അമ്പാട്ടി റായുഡുവും ശിവം ദുബെയും 27 റൺസ് വീതമെടുത്തു. 3 പന്ത് നേരിട്ട ക്യാപ്ടൻ ധോനി 2 കൂറ്റൻ സിക്സറുകൾ പറത്തി 12 റൺസുമായി മടങ്ങി.
ലഖ്നൗവിന് വേണ്ടി മികച്ച രീതിയിൽ പന്തെറിഞ്ഞ രവി ബിഷ്ണോയ് 4 ഓവറിൽ 28 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. 3 വിക്കറ്റെടുത്തുവെങ്കിലും മാർക് വുഡ് 4 ഓവറിൽ 49 റൺസ് വഴങ്ങിയത് ലഖ്നൗവിന് തിരിച്ചടിയായി.
മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് ലഖ്നൗവിന് ലഭിച്ചിരിക്കുന്നത്. 2.3 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് പോകാതെ അവർ 30 റൺസ് നേടിയിട്ടുണ്ട്. ക്യാപ്ടൻ കെ എൽ രാഹുലും കൈൽ മെയേഴ്സുമാണ് ക്രീസിൽ.
Discussion about this post