കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീയിട്ട പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്. നോയിഡ സ്വദേശി ഷഹറൂഖ് ഫൈസിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലടക്കം പരിശോധന നടത്തുന്നുണ്ട്. കേസിന്റെ അന്വേഷണ പുരോഗതി ഇന്ന് ഉന്നതതലയോഗം ചേരും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്.
അക്രമം നടന്ന ട്രെയിനിലെ രണ്ടു ബോഗികളും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. പോലീസ് സീൽ ചെയ്ത ബോഗികൾ നടപടികൾ പൂർത്തിയാക്കിയ ശേഷം കൈമാറാൻ റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബോഗികളിൽ ഫൊറൻസിക് സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. കോഴിക്കോട് റെയിൽവേ സിഐയുടെ നേതൃത്വത്തിലായിരുന്നു ട്രെയിനിലെ പരിശോധന. വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു. പെട്രോൾ തന്നെയാണോ അക്രമി സഹയാത്രികർക്കു നേരെ ഒഴിച്ചതെന്നതു രാസപരിശോധനയ്ക്കുശേഷമേ പറയാൻ സാധിക്കൂ എന്നും ഫൊറൻസിക് സംഘം വ്യക്തമാക്കി.
അതേസമയം ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയും പുരോഗതിയു്ട്. 40 ശതമാനത്തിലേറെ പൊള്ളലേറ്റ അനിൽകുമാറിന്റെ ആരോഗ്യസ്ഥിതിയും മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
Discussion about this post