തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കൾ പ്രതിയായ പരീക്ഷാ തട്ടിപ്പ് കേസിൽ കുറ്റപത്രം തയ്യാറായി. അഞ്ച് എസ്എഫ്‌ഐ നേതാക്കളും ഒരു സിവിൽ പോലീസ് ഓഫീസറുമാണ് പ്രതിപ്പട്ടികയിലുള്ളത്. മൂന്ന് പിഎസ്‌സി ഇൻവിജിലേറ്റർമാരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തട്ടിപ്പ് നടന്ന് നാലര വർഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകാനൊരുങ്ങുന്നത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികളാണ് എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർ. മൂന്ന് പേരും 2018ലെ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ഒന്ന്, രണ്ട്, ഇരുപത്തിയെട്ട് റാങ്കുകൾ നേടിയിരുന്നു. ക്ലാസിൽ പോലും കയറാത്ത പ്രതികളുടെ റാങ്ക് നേട്ടത്തെ പറ്റിയുള്ള അന്വേഷണമാണ് പിഎസ്‌സി പരീക്ഷാ തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നത്.
കോപ്പിയടിച്ചാണ് മൂന്ന് പേരും റാങ്കുകൾ നേടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളെല്ലാം ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് കുറ്റപത്രം തയ്യാറായിരിക്കുന്നത്. എസ്എഫ്‌ഐ പ്രാദേശിക നേതാക്കളായ ശിവരഞ്ജിത്, പ്രണവ്, നസീം, സഫീർ, പ്രവീൺ എന്നിവരും പേരൂർക്കട ക്യാംപിലെ സിപിഒ ഗോകുൽ എന്നിവരാണ് കേസിലെ പ്രതികൾ. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഐടി ആക്ട് എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
ശിവരഞ്ജിത്തും പ്രണവും നസീമും പരീക്ഷാഹാളിലിരുന്ന് സ്മാർട് വാച്ചിലെ ആപ്ലിക്കേഷൻ ഉപയോഗിച്ച് ചോദ്യപേപ്പർ സ്‌കാൻ ചെയ്ത് അയച്ചു. സഫീർ, ഗോകുൽ, പ്രണവ് എന്നിവർ ഗൂഗിൾ നോക്കി തിരിച്ച് ഉത്തരം കണ്ടെത്തി നൽകി എന്നാണ് കണ്ടെത്തൽ. ഈ മാസം അവസാനത്തോടെയാകും കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്.












