ശ്രീനഗർ: ജമ്മു കശ്മീരിലെ ആർഎസ്എസ് നേതാക്കൾക്കെതിരെ വധഭീഷണിയുമായി ഭീകര സംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട്. വധിക്കേണ്ട നേതാക്കളുടെ പട്ടിക ഭീകര സംഘടന പുറത്തുവിട്ടു. ഈ പട്ടികയിലെ ഓരോരുത്തരെയായി ഇല്ലാതാക്കുമെന്നാണ് ഭീകര സംഘടനയുടെ ഭീഷണി.
ജമ്മു കശ്മീർ, പുൽവാമ, ബരാമുള്ള, രജൗരി, ഉദംപൂർ, അനന്തനാഗ്, കുൽഗാം സ്വദേശികളായ സംഘടനയുടെ പദവികൾ വഹിക്കുന്ന നേതാക്കളുടെ പട്ടികയാണ് ഭീകര സംഘടന പുറത്തുവിട്ടിരിക്കുന്നത്. ആർഎസ്എസ് ഉപാദ്ധ്യക്ഷൻ സംഗീത ആനന്ദ് മുതൽ കശ്മീർ സ്റ്റേറ്റ് സെക്രട്ടറി അഫിദവരെയുള്ള വിവിധ നേതാക്കളാണ് പട്ടികയിലുള്ളത്. ഈ പട്ടികയ്ക്ക് താഴെയായി ആർഎസ്എസ് നേതാക്കളുടെ രക്തം ജമ്മു കശ്മീരിൽ പ്രളയമായി ഒഴുകുമെന്ന ഭീഷണി സന്ദേശവും ദി റെസിസ്റ്റന്റ് ഫ്രണ്ട് എഴുതിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒന്നാം തിയതി ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ഇന്ത്യ-പാക് വിഭജനത്തിൽ പാകിസ്താനിലെ ജനങ്ങൾ വിഷമത്തിലാണെന്നും, അഖണ്ഡഭാരതമാണ് ഇവർ ആഗ്രഹിക്കുന്നത് എന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആർഎസ്എസ് നേതാക്കളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തികൊണ്ട് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. മോഹൻ ഭാഗവതിന്റെ വാക്കുകളാണ് ഭീകര സംഘടനയെ ചൊടിപ്പിച്ചത് എന്നാണ് സൂചന.
Discussion about this post