കണ്ണൂർ: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ പെട്രോളൊഴിച്ച് തീവെച്ച സംഭവത്തിൽ എൻ ഐ എ പ്രാഥമിക പരിശോധന ആരംഭിച്ചു. എൻ ഐ എയുടെ കൊച്ചിയിലുള്ള സംഘം കണ്ണൂരിലെത്തി അക്രമം നടന്ന ബോഗികൾ പരിശോധിച്ചു.
ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ യാത്രക്കാരെ ജീവനോടെ കത്തിച്ചു കൊല്ലാൻ നടന്ന ശ്രമത്തിൽ തീവ്രവാദ ശക്തികൾക്ക് പങ്കുണ്ടോ എന്നതാണ് എൻ ഐ എ പ്രധാനമായും അന്വേഷിക്കുന്നത്. എൻ ഐ എ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
എലത്തൂരിലേത് ആസൂത്രിത ആക്രമണമാണെന്ന ആരോപണങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയർന്നുകഴിഞ്ഞു. ബംഗലൂരു യൂണിറ്റിൽ നിന്നുള്ള എൻ ഐ എ സംഘവും അന്വേഷണം നടത്തുന്നുണ്ട്. റെയിൽവേ സുരക്ഷാ സേനയുടെ ദക്ഷിണ മേഖലാ ഐ ജി ഈശ്വര റാവുവും അക്രമം നടന്ന ബോഗികൾ പരിശോധിച്ചു.
അതേസമയം, ട്രെയിനിന് തീവെച്ചു എന്ന് സംശയിക്കുന്ന ഷാഹ്‌റൂഖ് സെയ്ഫിന്റെ പശ്ചാത്തലം ഉൾപ്പെടെ പരിശോധിക്കുന്നതിന് വേണ്ടി റെയിൽവേ പോലീസ് സംഘം ഉത്തർ പ്രദേശിലെത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്.
Discussion about this post