തിരുവനന്തപുരം: ലോട്ടറിയടിച്ച സന്തോഷത്തിൽ മദ്യസൽക്കാരം നടത്തുന്നതിനിടെ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകം. മരിച്ച സജീവിനെ സുഹൃത്ത് സന്തോഷ് തള്ളിയിട്ട് കൊലപ്പെടുത്തിയത് ആണെന്ന് വ്യക്തമായി. ഇതോടെ കസ്റ്റഡിയിൽ എടുത്ത സന്തോഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുഹൃത്തിന്റെ വീട്ടിൽവച്ചായിരുന്നു മദ്യസൽക്കാരം. ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കം സംഘർഷത്തിലെത്തിയതോടെ സജീവും സന്തോഷും വീടിന് പുറത്തേക്കിറങ്ങി. ഇതിനിടെ സജീവിനെ സന്തോഷ് ഒരു മീറ്റർ താഴ്ചയിലുള്ള കുഴിയിലേക്ക് തള്ളിയിടുകയായിരുന്നു. ഇതിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
സജീവും സന്തോഷും വീട്ടിലേക്ക് മടങ്ങിയെന്ന ധാരണയിൽ ബാക്കിയുള്ള സുഹൃത്തുക്കളും വീട്ടിലേക്ക് പോയി. ഇതിന് ഒരു മണിക്കൂർ കഴിഞ്ഞാണ് സന്തോഷ് സജീവ് കുഴിയിൽ വീണ വിവരം സന്തോഷ് സഹോദരൻ സജിയെ അറിയിക്കുന്നത്. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ചികിത്സയിലിരിക്കെ സന്തോഷ് തള്ളിയിട്ടെന്ന് സജിയോട് സജീവ് പറഞ്ഞിരുന്നു. ഈ വിവരം പോലീസിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. കഴുത്തിലെ എല്ലിനേറ്റ ക്ഷതമാണ് സജീവിന്റെ മരണകാരണമെന്ന് പോലീസ് അറിയിച്ചു.












