ന്യൂഡൽഹി: ഡൽഹി ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി പോലീസ്. സുരക്ഷിതമായ ആഘോഷത്തിന് വേണ്ടിയാണ് നിയന്ത്രണമെന്നാണ് പോലീസ് ഭാഷ്യം. അതേസമയം പോലീസ് നടപടിയിൽ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത് രംഗത്തെത്തി.
ഹൈന്ദവ വികാരങ്ങളെ അടിച്ചമർത്തുന്നതിന് പകരം കുറ്റവാളികളെയും അക്രമികളെയും കണ്ടെത്താനാണ് പോലീസ് ശ്രമിക്കേണ്ടതെന്ന് ഡൽഹി പോലീസിന് നൽകിയ കത്തിൽ വിഎച്ച്പി ആവശ്യപ്പെട്ടു. ഹനുമാൻ ജയന്തി ആഘോഷത്തിന് നിയന്ത്രണമേർപ്പെടുത്തിയ നടപടി പുനപരിശോധിക്കണമെന്നും സംഘടന പോലീസിനോട് അഭ്യർത്ഥിച്ചു.
വ്യാഴാഴ്ചയാണ് ഹനുമാൻ ജയന്തി ആഘോഷങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഘോഷയാത്രയ്ക്ക് ഉൾപ്പെടെ ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മേഖലയിൽ കനത്ത സുരക്ഷയാണ് ഇക്കുറി ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുന്നോടിയായി ഡൽഹി പോലീസ് ജഹാംഗീർപുരിയിൽ ഫ്‌ളാഗ് മാർച്ച് നടത്തി.
കഴിഞ്ഞ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ ജഹാംഗീർപുരിയിൽ കല്ലേറും സംഘർഷവുമുണ്ടായിരുന്നു. എട്ട് പോലീസുകാർക്ക് ഉൾപ്പെടെ സംഘർഷത്തിൽ പരിക്കേറ്റിരുന്നു. ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് നേരെ മതമൗലികവാദികൾ അക്രമം അഴിച്ചുവിടുകയായിരുന്നു.
Discussion about this post