വിശാഖപട്ടണം: വിശാഖപട്ടണം-സെക്കന്തരാബാദ് വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. കഴിഞ്ഞ ദിവസമാണ് ട്രെയിനിലെ സി8 കോച്ചിന് നേരെ സാമൂഹിക വിരുദ്ധർ കല്ലെറിഞ്ഞത്. കല്ലേറിൽ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം നാല് മണിക്കൂർ വൈകിയായിരിക്കും വന്ദേഭാരത് എക്‌സ്പ്രസ് പുറപ്പെടുന്നത് എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പുലർച്ചെ 5.45ന് വിശാഖപട്ടണത്ത് തിരിക്കേണ്ട വന്ദേഭാരത് ഇന്ന് 9.45ന് ശേഷമായിരിക്കും പുറപ്പെടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിശാഖപട്ടണം-സെക്കന്തരാബാദ് വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്.
വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവർക്ക് നേരത്തെ സൗത്ത് സെൻട്രൽ റെയിൽവേ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നത് പോലെയുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും, അല്ലാത്ത പക്ഷം കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അഞ്ച് വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്.
ഉദ്ഘാടന ദിവസം പോലും പലയിടങ്ങളിൽ വച്ചും സാമൂഹിക വിരുദ്ധർ വന്ദേഭാരതിന് നേരെ കല്ലേറ് നടത്തിയിരുന്നു. തെലങ്കാന, ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെല്ലാം ട്രെയിൻ ആക്രമിക്കപ്പെട്ടു. ട്രെയിനുകൾക്ക് നേരെ കല്ലേറ് നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്നും കുറ്റക്കാർക്കെതിരെ റെയിൽവേ നിയമത്തിലെ സെക്ഷൻ 153 പ്രകാരം 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കർശന നടപടി സ്വീകരിക്കുമെന്നും സൗത്ത് സെൻട്രൽ റെയിൽവേ പറയുന്നു.
Discussion about this post