വളാഞ്ചേരി: വളാഞ്ചേരിയിൽ ഒരു കോടി 68 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാക്കൾ പിടിയിൽ. ഊരകം സ്വദേശികളായ യഹിയ, മൻസൂർ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരി പോലീസാണ് പ്രതികളെ പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രതികളുടെ വാഹനം കണ്ടെത്തിയിരുന്നു. തുടർന്ന് വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം കണ്ടെടുത്തത്. തിരൂർ ഡിവൈഎസ്പിയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
കുറ്റിപ്പുറം ഭാഗത്തേക്കാണ് പണം കൊണ്ടു പോകുന്നതെന്നായിരുന്നു പ്രതികൾ പറഞ്ഞത്. രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി 68 ലക്ഷം രൂപയാണ് വാഹനത്തിൽ നിന്ന് കണ്ടെടുത്തത്. കാറിന്റെ ഹാന്റ് ബ്രേക്കിന്റെ അടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post