ന്യൂഡൽഹി: രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണത്തിൽ കുത്തനെ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 5000ത്തിലധികം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 25,587 ആയി ഉയർന്നു. 163 ദിവസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്നലെ 4435 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്തംബറിന് ശേഷം ഇതാദ്യമായിട്ടായിരുന്നു രാജ്യത്ത് 4000ത്തിലധികം ആളുകളിൽ രോഗം സ്ഥിരീകരിക്കുന്നത്.
ഇതുവരെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 4.47 കോടിയാണ്. ഇന്നലെ 15 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,30,916 ആയി. കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നാല് വീതവും ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, പുതുച്ചേരി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഓരോ മരണം വീതവുമാണ് റിപ്പോർട്ട് ചെയ്തത്.
98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.38 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.79 ശതമാനവുമാണ്. കഴിഞ്ഞ ഒരാഴ്ചയായി രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഒമിക്രോണിന്റെ ഉപഭേദമാണ് രാജ്യത്ത് പടരുന്നതെന്നും, എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.
Discussion about this post