പറമ്പിക്കുളം; അരിക്കൊമ്പനെ കൊണ്ടുവരാനുളള നീക്കത്തിനെതിരെ പറമ്പിക്കുളത്ത് പ്രതിഷേധം. സിപിഎം ആണ് നേതൃത്വം കൊടുത്തത്. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. നെൻമാറ എംഎൽഎ കെ ബാബു അടക്കമുളളവർ പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്തു.
സിപിഎം മുതലമട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചത്. കെ ബാബുവാണ് സമരം ഉദ്ഘാടനം ചെയ്തത്. കൊലയാളി ആന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുളള തീരുമാനം പിൻവലിക്കണമെന്ന് ആയിരുന്നു സമരക്കാരുടെ ആവശ്യം. വേണ്ടേ വേണ്ട അരിക്കൊമ്പനെ വേണ്ട, പറമ്പിക്കുളത്തിന് വേണ്ട എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.
പറമ്പിക്കുളത്തെ ആദിവാസി ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കുക, വിനോദ സഞ്ചാര മേഖലയെ അപകടമേഖല ആക്കരുത് തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നു. വിഷയം നിയമപരമായി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും മുന്നോട്ടുപോകാനുമാണ് തീരുമാനമെന്ന് കെ ബാബു എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും പട്ടിക ജാതി- പട്ടിക വർഗ വകുപ്പ് മന്ത്രിക്കും നിവേദനം നൽകും. വനം വകുപ്പിലെ എല്ലാ ഉന്നത ഉദ്യോഗസ്ഥർക്കും പരാതി അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം വിദഗ്ധ സമിതിയാണ് അരിക്കൊമ്പനെ പറമ്പിക്കുളം മുതുവരച്ചാലിലേക്ക് മാറ്റാൻ നിർദ്ദേശിച്ചത്. ഇതനുസരിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.













Discussion about this post