കണ്ണൂർ: ഡോളർ കടത്ത് കേസിൽ നിന്ന് പിൻമാറാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ദൂതനായി വന്ന് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ വിവാദത്തിലായ വിജേഷ് പിളളയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.
എംവി ഗോവിന്ദനെയോ കുടുംബാംഗങ്ങളെയോ നേരിട്ട് പരിചയമില്ലെന്നും സ്വപ്‌നയുടെ ആരോപണത്തിൽ വാസ്തവമില്ലെന്നുമാണ് വിജേഷ് പിളള നൽകിയ മറുപടി. സ്വപ്‌ന കെട്ടിച്ചമച്ച ആരോപണമാണിതെന്നും അവർക്കെതിരെ സാദ്ധ്യമായ നിയമനടപടികൾ താനും തുടങ്ങിയിട്ടുണ്ടെന്നും വിജേഷ് പിളള പറഞ്ഞിരുന്നു.
ബംഗലൂരുവിലെ ഒരു ഹോട്ടലിൽ വെച്ച് നേരിൽ കണ്ട് സംസാരിക്കവേ വിജേഷ് ഭീഷണിപ്പെടുത്തുകയും 30 കോടി രൂപ വാങ്ങി കേരളത്തിന് പുറത്തുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് ആയിരുന്നു സ്വപ്‌നയുടെ ആരോപണം. കേരളത്തിൽ താമസിക്കാൻ ഭയമായതിനാൽ താൻ ബംഗലൂരുവിലേക്ക് താൽക്കാലികമായി താമസം മാറ്റിയെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയെ അപകീർത്തിപ്പെടുത്താൻ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് പരാതി നൽകിയത്.
വ്യാജരേഖ ചമയ്ക്കൽ, അത് സത്യമാണെന്ന് പ്രചരിപ്പിക്കു, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബംഗലൂരുവിലുളള സ്വപ്‌നയ്ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇവരെ ബംഗലൂരുവിലെത്തി ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം അറിയിച്ചു.












