കോഴിക്കോട്: എലത്തൂർ തീവണ്ടി ആക്രമണ കേസ് പ്രതി ഷാറൂഖ് സെയ്ഫിക്ക് തീവെപ്പ് നടത്താൻ കേരളത്തിൽ നിന്ന് സഹായം കിട്ടിയോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിക്ക് തീവ്രവാദ ബന്ധം ഉണ്ടോ എന്നതടക്കം പരിശോധിക്കണം. ഇക്കാര്യത്തിൽ വിശദമായ തെളിവെടുപ്പ് നടത്തണമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
പ്രതി പെട്രോൾ വാങ്ങിയത് ഷൊർണൂര്‍ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പമ്പിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൃത്യമായ ആസൂത്രണം ആക്രമണത്തിൽ നടന്നിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് പ്രതി പമ്പിലെത്തി പെട്രോള്‍ വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ട്രെയിനിന് തീവെച്ച പ്രവൃത്തി തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണോ എന്ന കാര്യം കേന്ദ്ര ഏജൻസികളും പരിശോധിച്ച് വരികയാണ്. ഡൽഹിയിൽ നിന്നോ കേരളത്തിൽ നിന്നോ സഹായം ലഭിച്ചിട്ടുണ്ടോ എന്നതും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
Discussion about this post