വാൽപ്പാറ: വാൽപ്പാറ-മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണം. അഞ്ച് വയസ്സുകാരനായ കുട്ടിക്കാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. തോട്ടം തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശിയുടെ മകനെയാണ് ആക്രമിച്ചത്. ആളുകൾ ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോവുകയായിരുന്നു. കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
പ്രദേശത്ത് തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിനോട് ചേർന്നുള്ള ഭാഗത്താണ് പുലിയുടെ ആക്രമണം ഉണ്ടായത്. സംഭവസമയം കുട്ടി വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ തൊഴിലാളികൾ പുറത്തേക്കിറങ്ങി നോക്കിയപ്പോഴാണ് കുട്ടിയെ പുലി ആക്രമിക്കുന്നത് കണ്ടത്. കുട്ടിയുടെ കയ്യിലായിരുന്നു പുലി പിടുത്തം ഇട്ടത്.
തൊഴിലാളികൾ വടിയെടുത്ത് അടിക്കാനോങ്ങുകയും ബഹളം വയ്ക്കുകയും ചെയ്തതോടെയാണ് പുലി ഓടിപ്പോയത്. നിരന്തരമായി പുലിയുടെ ആക്രമണം ഉണ്ടാകുന്ന ഒരു സ്ഥലമാണിത്. പുലി, കാട്ടാന, കരടി തുടങ്ങിയവയെല്ലാം പ്രദേശത്ത് എത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.












