ന്യൂഡൽഹി; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി ഗുലാം നബി ആസാദ്. രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്ന് പറയാനറിയാം. വിദേശത്ത് ആരെയൊക്കെ കാണുന്നു എന്ന് അറിയാം. കളങ്കിത വ്യവസായികളെ കാണുന്നതൊക്കെ അറിയാഞ്ഞിട്ടല്ല. ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണം കൂടുതൽ പറയുന്നില്ല. രാഹുൽ ഗാന്ധി സ്വയം വഴിതെറ്റുന്നതാണ്. ആരും തെറ്റിക്കുന്നതല്ലെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ ട്വീറ്റ് അപമാനകരമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. തനിക്ക് ഒരു ബിസിനസ്സുകാരനുമായും ഒരു ബന്ധവും ഇല്ല. അതേസമയം രാഹുൽ ഗാന്ധി അടക്കം ആ കുടുംബത്തിലെ എല്ലാവർക്കും ബിസിനസ്സുകാരുമായി ബന്ധമുണ്ട് താനും. ഗാന്ധി കുടുംബത്തോട് തനിക്ക് വലിയ ബന്ധമുണ്ട്. അതുകൊണ്ട് മാത്രം ഒന്നും പറയുന്നില്ല. അല്ലെങ്കിൽ പത്ത് ഉദാഹരണങ്ങളെങ്കിലും തരാനാകുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയ്ക്ക് തൊട്ട് പിറകെ രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടപ്പോൾ ഒരു കൊതുക് പോലും കരഞ്ഞില്ലെന്ന് ഗുലാ നബി ആസാദ് പരിഹസിച്ചു. ജയിലിൽ പോകുന്നത് പോയിട്ട് ഒരു കൊതുക് കുഞ്ഞ് പോലും തെരുവിലേക്ക് പോലും ഇറങ്ങിയില്ല. സൂറത്തിലെ കോടതിയിൽ അപ്പീൽ നൽകാൻ പോയപ്പോൾ ദില്ലിയിൽ നിന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളേയും എംപിമാരെയും ഗുജറാത്തിൽ നിന്നുളള എംഎൽഎമാരെയുമാണ് രാഹുലിന് കൂടെ കൊണ്ട് പോകേണ്ടി വന്നത്.ഒരു കർഷകനെയോ യുവാക്കളെയോ ഗുജറാത്തിൽ നിന്ന് പോലും കൂടെ കൂട്ടാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു.
രാഹുലിനെ ആരും വഴി തെറ്റിക്കേണ്ട ആവശ്യമില്ല. കാരണം രാഹുൽ സ്വയം വഴി തെറ്റുന്നതാണ്. രാഹുൽ ഗാന്ധിക്ക് ദിശാബോധമില്ല. 50 വർഷത്തോളമായി തങ്ങളൊക്കെ രാഷ്ട്രീയത്തിലുണ്ട്. തങ്ങളെയൊന്നും ആരും വഴി തെറ്റിച്ചിട്ടില്ലല്ലോ. രാഹുൽ ഗാന്ധിയുടെ മുത്തശ്ശിയേയും സോണിയാ ഗാന്ധിയേയും രാജീവ് ഗാന്ധിയേയും നെഹ്റുവിനേയും വഴി തെറ്റിച്ചിട്ടില്ലലോ. രാഹുൽ ഗാന്ധി മാത്രമെങ്ങനെയാണ് വഴി തെറ്റി പോകുന്നതെന്ന് ഗുലാം നബി ആസാദ് ചോദിച്ചു.
താൻ പ്രധാനമന്ത്രിയെ സുഹൃത്ത് എന്ന് വിളിക്കില്ല…. പക്ഷേ, താൻ അദ്ദേഹത്തെ ശത്രു എന്നും വിളിക്കില്ലെന്നും കോൺഗ്രസിൽ ഉണ്ടായിരുന്നതിനേക്കാൾ 10 മടങ്ങ് കൂടുതൽ പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഇപ്പോഴും ‘റിമോട്ട് കൺട്രോൾ’ വഴിയാണ് പ്രവർത്തിക്കുന്നതെന്ന് താൻ വിശ്വസിക്കുന്നു. അതിന് കാരണം അനുഭവപരിചയമില്ലാത്തവരുടെ സംഘമാണെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.
ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവരോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും എന്നാൽ രാഹുൽ ഗാന്ധിയുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post