ന്യൂഡൽഹി; ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയതിൽ പ്രതികരിച്ച് ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ്. പ്രധാനമന്ത്രിയുടെ ക്രിസ്ത്യൻ ദേവാലയ സന്ദർശനം ആത്മവിശ്വാസം നൽകുന്നുവെന്ന് മാർ കുര്യാക്കോസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനം ഉണ്ടാക്കുന്ന പ്രത്യാഘാതം പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ ദേവാലയത്തിൽ സന്ദർശനം നടത്തുന്നതെന്നും അത് നൽകുന്ന സന്ദേശം വളരെ വലുതാണെന്നും സഭാ നേതൃത്വം വ്യക്തമാക്കിയിരുന്നു.
ഈസ്റ്ററിനോടനുബന്ധിച്ചാണ് നരേന്ദ്രമോദി പുരാതനമായ ക്രിസ്ത്യൻ ദേവാലയത്തിൽ സന്ദർശനം നടത്തിയത്. വൈകീട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ വൈദികർ ചേർന്ന് സ്വീകരിക്കുകയായിരുന്നു. മെഴുകുതിരി കത്തിച്ച ശേഷം നരേന്ദ്രമോദി പ്രാർത്ഥനയിൽ പങ്കെടുത്തു. ഇരുപത് മിനിട്ടോളം പള്ളിയിൽ ചെലവഴിച്ച അദ്ദേഹം പുരോഹിതരുമായും വിശ്വാസികളുമായും സംവദിച്ചു. തുടർന്ന് ദേവാലയ മുറ്റത്ത് ദേവദാരുവിന്റെ വൃക്ഷത്തൈ നട്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Discussion about this post