കേരളത്തിന്റെ, വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകി ഗുരുവായൂർ – തിരുനാവായ റെയിൽവേ ലൈൻ പദ്ധതിയുടെ മരവിപ്പ് (Freeze) റെയിൽവേ ബോർഡ് നീക്കി. മൂന്ന് പതിറ്റാണ്ടിലേറെയായി അനിശ്ചിതത്വത്തിലായിരുന്ന പദ്ധതിക്ക് ജീവൻ വെക്കുന്ന നിർണ്ണായകമായ ‘ഡീ-ഫ്രീസിംഗ്’ (De-freezing) ഉത്തരവാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ പാതയ്ക്കായുള്ള സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് വേഗം കൂടും. തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സന്തോഷവാർത്ത ജനങ്ങളെ അറിയിച്ചത്.
പൊതുജനങ്ങളിൽ നിന്നും ലഭിച്ച ആയിരക്കണക്കിന് നിവേദനങ്ങൾ പരിഗണിച്ചാണ് ഈ ജനപക്ഷ തീരുമാനം ഉണ്ടായതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.വികസന കാര്യങ്ങളിൽ പ്രധാനമന്ത്രി മോദിയും റെയിൽവേ മന്ത്രിയും നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
1995-ൽ തറക്കല്ലിട്ട പദ്ധതി, തുടർന്നു വന്ന സർക്കാരുകളുടെ കാലത്ത് ഭൂമി ഏറ്റെടുക്കൽ തടസ്സങ്ങളും മറ്റും കാരണം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 2019-ൽ റെയിൽവേ ഈ പദ്ധതി ഔദ്യോഗികമായി മരവിപ്പിച്ചിരുന്നു. എന്നാൽ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സുരേഷ് ഗോപി നടത്തിയ നിരന്തരമായ ചർച്ചകളും ഇടപെടലുകളുമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. ഏകദേശം 35 കിലോമീറ്റർ ദൂരം വരുന്ന ഈ റെയിൽവേ പാത യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിൽ നിന്ന് മലബാറിലേക്കുള്ള യാത്രാദൂരത്തിൽ വലിയ കുറവുണ്ടാകും. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കി ട്രെയിനുകൾക്ക് വേഗത്തിൽ കടന്നുപോകാൻ ഇത് വഴിയൊരുക്കും. തൃശൂർ ജില്ലയിലെ ഗുരുവായൂരിനെയും മലപ്പുറം ജില്ലയിലെ തിരുനാവായയെയും ബന്ധിപ്പിക്കുന്ന ഈ ലൈൻ, തീർത്ഥാടന ടൂറിസം മേഖലയ്ക്കും ചരക്ക് ഗതാഗതത്തിനും പുതിയ ഉണർവ് നൽകും













Discussion about this post