കൊച്ചി: 88കാരിയായ വയോധിക പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരന്റെ മകൻ പിടിയിൽ. കൊച്ചി സെൻട്രൽ പോലീസാണ് 45കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനശ്രമം ചെറുത്തപ്പോൾ സ്ത്രീയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് വയോധികയെ പ്രതിയും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഇവരുടെ മരണം സംഭവിച്ചിരുന്നു. കച്ചേരിപ്പടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ എത്തിച്ചത്. വയോധികയുടെ മുഖത്തും കൈകളിലും പരിക്ക് ഉണ്ടായിരുന്നു. പരിക്കുകൾ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം ഉടൻ തന്നെ പോലീസിൽ അറിയിച്ചു.
സ്ത്രീയുടെ സഹോദരന്റെ മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇയാളെ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. പീഡനശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അവിവാഹിതയായ വയോധിക സഹോദരന്റെ മകന്റേയും ഭാര്യയുടേയും ഒപ്പമാണ് താമസിച്ചിരുന്നത്.
പ്രതിയുടെ അടുത്ത ബന്ധുക്കൾ, അയൽവാസികൾ എന്നിവരിൽ നിന്ന് വിശദമായ മൊഴിയെടുക്കുമെന്ന് എസ്എച്ച്ഒ വിജയശങ്കർ വ്യക്തമാക്കി. പ്രതിയുടെ ഭാര്യയേയും ചോദ്യം ചെയ്യും. പ്രതിയെ റിമാൻഡ് ചെയ്തു.












