വർക്കല; അയിരൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയ അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രണയബന്ധത്തിൽ നിന്ന് യുവാവ് പിന്മാറിയതിന് പ്രതികാരമായി ലക്ഷ്മിപ്രിയ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസിൽ ലക്ഷ്മിപ്രിയ ഒന്നാം പ്രതിയാണ്.
സംഭവവുമായി ബന്ധപ്പെട്ട് കേസിലെ എട്ടാം പ്രതിയായ എറണാകുളം സ്വദേശി അമലിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എട്ട് പേർക്കെതിരെയാണ് പോലീസ് അന്വേഷണം. ആറ് പേർ ഇപ്പോഴും ഒളിവിലാണ്. ലക്ഷ്മിപ്രിയ കൂടി ഉൾപ്പെട്ട സംഘമാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ലക്ഷ്മിപ്രിയയുമായി ഈ യുവാവ് അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് മറ്റൊരു യുവാവുമായി ലക്ഷ്മിപ്രിയ അടുത്തു. ഇതോടെ മുൻ കാമുകനെ ഒഴിവാക്കാൻ ഇപ്പോഴത്തെ കാമുകനൊപ്പം ചേർന്ന് ക്വട്ടേഷൻ പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പുതിയ കാമുകന്റെ കാറിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post