ന്യൂഡൽഹി: അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകവും തന്ത്രപ്രധാന മേഖലയുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് നേതാക്കൾ നടത്തിയ പ്രസ്താവനകൾക്കുള്ള മറുപടി എന്ന നിലയിലാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്.
അരുണാചൽ പ്രദേശുമായി ബന്ധപ്പെട്ട് ചൈനീസ് നേതാക്കൾ നടത്തിയ പ്രസ്താവനകൾ ഇന്ത്യ പൂർണമായും തള്ളിക്കളയുന്നു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു, ആണ്, ഇനിയും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു.
ഇന്ത്യൻ നേതാക്കൾ അരുണാചൽ പ്രദേശ് സന്ദർശിക്കുന്നത് സ്വാഭാവികമാണ്. കാരണം അരുണാചൽ പ്രദേശ് ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. അത്തരം സന്ദർശനങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നത് അസംബന്ധമാണ്. വാക്കുകൾ കൊണ്ട് ഇല്ലാതാക്കാനാവുന്നതല്ല യാഥാർത്ഥ്യമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അരുണാചൽ പ്രദേശ് സന്ദർശിക്കുകയും നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിലും ഒരു തരി ഇന്ത്യൻ മണ്ണിലും കണ്ണുവെക്കാനുള്ള ധൈര്യം ആർക്കും ഉണ്ടാകാൻ അനുവദിക്കില്ലെന്ന് ചൈനക്കുള്ള ശക്തമായ സന്ദേശത്തിൽ അമിത് ഷാ വ്യക്തമാക്കിയിരുന്നു.








