കണ്ണൂർ: പത്ത് വർഷത്തെ ബന്ധത്തിനൊടുവിൽ തന്നെ ഒഴിവാക്കി പുതിയ പ്രണയബന്ധം സ്ഥാപിച്ച കാമുകിയുടെ പ്രവൃത്തിയിൽ മനംനൊന്ത് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഒഴിവാക്കിയിട്ടും തന്നെ ശല്യം ചെയ്യുന്നു എന്ന യുവതിയുടെ പരാതിയിൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് മാഹി സ്വദേശിയായ യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. ഇതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ.
യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ യുവാവിനോട് കാര്യങ്ങൾ ചോദിച്ചറിയവെ, അപ്രതീക്ഷിതമായി ഇയാൾ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കി നിലകൊണ്ടതോടെ, പോലീസ് അഗ്നിരക്ഷാ സേനയുടെ സഹായം തേടി.
അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാൻ കൂട്ടാക്കാതെ നിന്ന യുവാവിനെ ഒടുവിൽ നാട്ടുകാരും പോലീസും ചേർന്ന് പിന്തിരിപ്പിച്ചു. തുടർന്ന് ദേഹത്തെ പെട്രോൾ തുടച്ചു കളഞ്ഞ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Discussion about this post