സൂറത്ത്: അപകീർത്തിക്കേസിൽ ഗുജറാത്തിലെ സൂറത്ത് മജിസ്‌ട്രേട്ട് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കുറ്റക്കാരനാണെന്ന വിധിക്ക് സ്റ്റേ ലഭിച്ചാൽ അയോഗ്യത നീങ്ങും. 2019ൽ കോലാറിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ പിന്നാക്ക വിഭാഗത്തിനെതിരെ നടത്തിയ പരാമർശങ്ങളാണ് വിലക്കിന് കാരണമായത്.
രാഹുൽ ഈ മാസം മൂന്നിന് സമർപ്പിച്ച അപേക്ഷയിൽ സെഷൻസ് കോടതി 13 വരെ ജാമ്യം അനുവദിച്ചിരുന്നു. ശിക്ഷ സ്റ്റേ ചെയ്ത് സ്ഥിര ജാമ്യം അനുവദിക്കാനും വിധി റദ്ദാക്കാനുമുള്ള അപേക്ഷകളാണ് വ്യാഴാഴ്ച ജഡ്ജി ആർ.പി. മൊഗേറ പരിഗണിക്കുക. അപ്പീലിനെതിരേ കേസിലെ പരാതിക്കാരനും ബിജെപി എംഎൽഎയുമായ പൂർണേഷ് മോദി കഴിഞ്ഞ ദിവസം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കുറ്റം ആവർത്തിക്കുന്നയാളാണ് രാഹുലെന്നും അപ്പീൽ നൽകാൻ നേതാക്കൾക്കൊപ്പം ആഘോഷമായി സെഷൻസ് കോടതിയിൽ ഹാജരായത് രാഹുലിന്റെ ധാർഷ്ട്യമാണ് കാണിക്കുന്നതെന്നും ഹർജിയിൽ പൂർണേഷ് മോദി പറയുന്നു.
വിചാരണക്കോടതി ശിക്ഷവിധിച്ചതോടെ അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടിരുന്നു. രാഹുലിനെതിരായ ആരോപണങ്ങൾ നിലനിൽക്കുമോ എന്ന കാര്യത്തിൽ മെയ് മൂന്നിന് സെഷൻസ് കോടതി വിധി പറയും. അതേസമയം മോദി സമുദായത്തിന് അപകീർത്തി ഉണ്ടാക്കിയെന്നാരോപിച്ച് ബിഹാറിലെ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി രാജ്യസഭാംഗവുമായ സുശീൽകുമാർ മോദി സമർപ്പിച്ച ഹർജിയിൽ ഈ മാസം 25ന് ഹാജരാകാൻ പാട്‌ന കോടതി രാഹുൽഗാന്ധിയോട് ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post