ന്യൂഡൽഹി: ജമ്മു കശ്മീരിലും പഞ്ചാബിലും ആയുധവും ലഹരിമരുന്നും പണവുമായി പാക് ഡ്രോണുകൾ. ജമ്മുകശ്മീരിലെ രജൗരിയിൽ എകെ 47 തോക്കുകളുടെ മാഗസീനുകളും പണവുമായി വന്ന ഡ്രോൺ കരസേന വെടിവച്ചിട്ടു. പിന്നാലെ സേന പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
പഞ്ചാബിലെ ഫസിൽക്കയിൽ അതിർത്ത് കടന്ന് ലഹരിമരുന്നുമായെത്തിയ പാക് ഡ്രോണിന് നേരെ ബിഎസ്എഫ് വെടിയുതിർത്തു. പിന്നാലെ ഡ്രോണിൽനിന്ന് ലഹരിയടങ്ങിയ പൊതികൾ താഴെ വീണു. നാലരക്കിലോ ഹെറോയിൻ പിടിച്ചെടുത്തെന്നും ഡ്രോൺ ഇന്ത്യൻ അതിർത്തിക്കുള്ളിൽ വീണോ, പാകിസ്താനിലേക്ക് മടങ്ങിയോ എന്ന് കണ്ടെത്തനായി തെരച്ചിൽ നടത്തുന്നതായി സേന വ്യക്തമാക്കി.
ഏപ്രിൽ 9 ന് പൂഞ്ച് സെക്ടറിൽ ഇന്ത്യൻ സൈന്യം ഒരു വലിയ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയിരുന്നു, അവിടെ ഒരു നുഴഞ്ഞുകയറ്റക്കാരൻ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേരെ ജീവനോടെ പിടികൂടുകയും ചെയ്തു. 17 കിലോയോളം ഭാരമുള്ള പതിനാല് പാക്കറ്റ് മയക്കുമരുന്ന് അടങ്ങിയ മൂന്ന് ബാഗുകൾ, പാകിസ്താൻ കറൻസി നോട്ടുകൾ, ചില രേഖകൾ, ഭക്ഷണസാധനങ്ങൾ എന്നിവയും സുരക്ഷാ സേന കണ്ടെടുത്തു.









