ആത്മഹത്യയും പൂര്‍ണ്ണചന്ദ്രനും തമ്മില്‍ ഒരു ബന്ധമുണ്ടത്രേ. പൂര്‍ണ്ണ ചന്ദ്രന്‍ ഉദിക്കുന്ന ദിവസങ്ങളില്‍ ആത്മഹത്യകള്‍ കൂടുതലായി നടക്കുന്നുവെന്നാണ് ഒരു പഠനം കണ്ടെത്തിയിരിക്കുന്നത്. ഇന്‍ഡിയാന സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിനിലുള്ള മനശാസ്ത്രവിദഗ്ധരാണ് ഈ വിചിത്രമായ കണ്ടെത്തലിന് പിന്നില്‍. 2012നും 2016നും ഇടയില്‍ നടന്ന ആത്മഹത്യകളെ കുറിച്ച് വിശദമായി പഠിച്ചാണ് പൂര്‍ണ്ണചന്ദ്രനുദിക്കുന്ന ആഴ്ച ആത്മഹത്യകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുവെന്ന നിഗമനത്തില്‍ ഇവരെത്തിയത്.
ഡിസ്‌കവര്‍ മെന്റല്‍ ഹെല്‍ത്ത് എന്ന ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് ആത്മഹത്യ സാധ്യത കൂടുതലെന്ന കണ്ടെത്തലും ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്. മാത്രമല്ല, വൈകുന്നേരം മൂന്നിനും നാലിനും ഇടയിലുള്ള സമയത്തും സെപ്റ്റംബര്‍ മാസത്തിലുമാണ് ഏറ്റവുമധികം ആത്മഹത്യകള്‍ നടക്കുന്നതെന്നും പഠനം പറയുന്നു. അതുകൊണ്ട് പ്രസ്തുത സമയങ്ങളിലും സെപ്റ്റംബര്‍ മാസത്തിലും പൗര്‍ണ്ണമി ദിവസങ്ങളിലും ആത്മഹത്യ പ്രവണതയുള്ളവരില്‍ പ്രത്യേകകണ്ണ് വേണമെന്ന് പഠനത്തില്‍ പങ്കെടുത്ത അലക്‌സാണ്ടര്‍ നിക്കലെസ്‌കു അഭിപ്രായപ്പെട്ടു.
പഠനം നടത്തിയ സംഘം നേരത്തെ ഉത്കണ്ഠ, വിഷാദം, പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോര്‍ഡര്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും വേദനയ്ക്കുമുള്ള ബയോമാര്‍ക്കര്‍ ടെസ്റ്റുകള്‍ വികസിപ്പിച്ചിരുന്നു. ശരീരത്തിലെ ജൈവഘടികാരം അഥവാ സിക്കാര്‍ഡിയന്‍ ക്ലോക്കിനെ നിയന്ത്രിക്കുന്ന ജീനുകളാണ് ആത്മഹത്യയും പഠനത്തില്‍ പറയുന്ന പ്രത്യേക സമയങ്ങളും തമ്മിലുള്ള ഈ ബന്ധത്തിന് കാരണമെന്ന് അലക്‌സാണ്ടര്‍ അവകാശപ്പെടുന്നു. മാത്രമല്ല, മദ്യാസക്തി, വിഷാദം തുടങ്ങിയ മാനസിക തകരാറുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഏറ്റവുമധികം ഉണ്ടാകുന്നത് പഠനത്തില്‍ പ്രതിപാദിക്കുന്ന സമയങ്ങളിലാണെന്നാണ് ബയോമാര്‍ക്കര്‍ പരിശോധനകള്‍ വ്യക്തമാക്കുന്നതെന്ന് അലക്‌സാണ്ടര്‍ പറഞ്ഞു.
ശരീരത്തിലെ സിക്കാര്‍ഡിയന്‍ താളവും പ്രകാശവും തമ്മില്‍ അഭേദ്യമായ ബന്ധമുള്ളതിനാലായിരിക്കാം നിലാവെളിച്ചം കൂടുതലുള്ള പൂര്‍ണ്ണചന്ദ്ര ദിനങ്ങളില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നതെന്ന വിശദീകരണമാണ് പഠനസംഘം നല്‍കുന്നത്. ശരീരത്തിലെ ജൈവഘടികാരത്തില്‍ പ്രകാശം സ്വാധീനം ചെലുത്തുന്നതിനാല്‍ പ്രകാശവും ആത്മഹത്യയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഇവര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറയുന്നു. പ്രകാശത്തിലെ ഏറ്റക്കുറച്ചിലുകള്‍ മാനസികമായി ദൗര്‍ഭല്യങ്ങള്‍ നേരിടുന്നവരെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ആത്മഹത്യകള്‍ ഏറ്റവുമധികം നടക്കുന്ന വൈകുന്നേരം മൂന്നുമണിക്കും നാലുമണിക്കും ഇടയിലുള്ള സമയം പൊതുവേ പകല്‍സമയത്ത് വെളിച്ചം കുറഞ്ഞ സമയമാണ്. ഈ സമയത്ത് സിക്കാര്‍ഡിയന്‍ ക്ലോക്കിനെ നിയന്ത്രിക്കുന്ന ജീനിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കാനും കോര്‍ട്ടിസോളിന്റെ അളവില്‍ മാറ്റം വരാനും സാധ്യതയുണ്ട്. ആത്മഹത്യകള്‍ ഏറ്റവുമധികം നടക്കുന്നുവെന്ന് പഠനം പറയുന്ന മാസമായ സെപ്റ്റംബറില്‍ നിരവധി പേര്‍ക്ക് സ്‌ട്രെസ്സും സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍ ഉണ്ടാകാറുണ്ട്. വേനലവധി അവസാനിക്കുന്നതും പകല്‍വെളിച്ചം കുറയാന്‍ തുടങ്ങുന്നതുമായ സമയമാണിത്.
ചുരുക്കിപ്പറഞ്ഞാല്‍, പൂര്‍ണ്ണചന്ദ്രന്‍, സീസണിന്റെ അവസാനം, ഉച്ചകഴിഞ്ഞുള്ള സമയം എന്നിവയെല്ലാം ആത്മഹത്യ പ്രവണത വര്‍ധിപ്പിക്കുന്ന സമയങ്ങളാണെന്നാണ് ഈ പഠനം പറയുന്നത്. വിഷാദരോഗം, മദ്യപാനവുമായി ബന്ധപ്പെട്ട മാനസിക തകരാറുകള്‍ നേരിടുന്നവര്‍ എന്നിവരിലാണ് ഈ സമയങ്ങള്‍ ആത്മഹത്യചിന്ത ഉണര്‍ത്തുന്നത്.
Discussion about this post