ജോഹന്നാസ്ബർഗ് : ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ നേടി. ആഗോള വികസന മുൻഗണനകളിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്നതും, സുസ്ഥിരവും, നാഗരിക ജ്ഞാനത്തിൽ അധിഷ്ഠിതവുമായ മാതൃകകൾക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.
ആഗോള വികസന മാതൃകകളെക്കുറിച്ച് ആഴത്തിലുള്ള പുനർവിചിന്തനം നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു. ജി 20 വളരെക്കാലമായി ആഗോള ധനകാര്യത്തെയും വികസനത്തെയും രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും, നിലവിലുള്ള മാതൃകകൾ വലിയ ജനവിഭാഗങ്ങളുടെ വിഭവങ്ങൾ നഷ്ടപ്പെടുത്തുകയും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഫ്രിക്കയിൽ ഈ വെല്ലുവിളികൾ രൂക്ഷമായി അനുഭവപ്പെടുന്നു. ആഫ്രിക്ക ആദ്യമായി ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ, നമ്മുടെ വികസന മാതൃകകളെക്കുറിച്ച് പുനർവിചിന്തനം നടത്താനും, എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ശരിയായ സമയമാണിതെന്നും മോദി പറഞ്ഞു.
സമഗ്ര വികസനമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി 3 കർമ്മ പദ്ധതികൾ മോദി നിർദ്ദേശിച്ചു. ആദ്യത്തേത് ഒരു പരമ്പരാഗത വിജ്ഞാന ജി20 ആഗോള ശേഖരം സൃഷ്ടിക്കുക എന്നതാണ്. രണ്ടാമതായി ജി20 ഗ്ലോബൽ ഹെൽത്ത്കെയർ റെസ്പോൺസ് ടീം രൂപീകരിക്കാനുള്ള നിർദ്ദേശമാണ്. ആരോഗ്യ അടിയന്തരാവസ്ഥകളിലും പ്രകൃതി ദുരന്തങ്ങളിലും നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ നമ്മുടെ നിലപാട് ശക്തമാകുമെന്ന് മോദി സൂചിപ്പിച്ചു. ഇതിനായി മറ്റ് ജി20 രാജ്യങ്ങളിൽ നിന്നുള്ള പരിശീലനം ലഭിച്ച മെഡിക്കൽ വിദഗ്ധരുടെ സംഘങ്ങളെ സൃഷ്ടിക്കുക , ഏത് അടിയന്തര സാഹചര്യത്തിലും ഉടനടി വിന്യസിക്കാൻ തയ്യാറാവുക എന്നീ നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വച്ചു. മൂന്നാമതായി മയക്കുമരുന്ന് കടത്തിന്റെ വെല്ലുവിളിയെ നേരിടാൻ, പ്രത്യേകിച്ച് ഫെന്റനൈൽ പോലുള്ള അത്യധികം അപകടകരമായ വസ്തുക്കളുടെ വ്യാപനത്തെ നേരിടാൻ, മയക്കുമരുന്ന്-ഭീകരവാദ ബന്ധത്തെ ചെറുക്കുന്നതിനുള്ള ഒരു ജി20 സംരംഭവും പ്രധാനമന്ത്രി മോദി നിർദേശിച്ചിട്ടുണ്ട്.












Discussion about this post