ന്യൂഡൽഹി : ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് സമൂഹമാധ്യമ പോസ്റ്റുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ‘ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത്’ എന്ന് തരൂർ സൂചിപ്പിച്ചു. ഇന്ത്യയിൽ ഇത് കൂടുതൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു – എന്റെ പങ്ക് നിർവഹിക്കാൻ ഞാൻ ശ്രമിക്കുന്നു,” എന്നും തരൂർ തന്റെ പോസ്റ്റിൽ വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമുള്ള ഒരു സന്ദേശമാണ് ശശി തരൂർ സമൂഹമാധ്യമങ്ങളിലൂടെ നൽകിയിട്ടുള്ളത്. “തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ കാഴ്ചപ്പാടിനായി ആവേശത്തോടെ പോരാടുക, വാചാടോപപരമായ തടസ്സങ്ങളൊന്നുമില്ലാതെ. എന്നാൽ അത് അവസാനിച്ചുകഴിഞ്ഞാൽ, ജയിച്ചവരും തോറ്റവരും ആയ രണ്ടുപേരും രാജ്യത്തെ സേവിക്കാൻ പ്രതിജ്ഞാബദ്ധരാവുക, രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ പഠിക്കുക. ഇന്ത്യയിലും ഇതേ സമവാക്യം കൈവരിക്കാൻ എന്റെ പങ്ക് നിർവഹിക്കാൻ ശ്രമിക്കുകയാണ്,” എന്ന് തരൂർ പറഞ്ഞു.
തരൂരിന്റെ പരാമർശത്തെ ബിജെപി പിന്തുണച്ചു. കോൺഗ്രസ് പാർട്ടി ജനാധിപത്യപരമായി പെരുമാറണമോ അല്ലാതെ ‘കഠിനമായി പരാജിതരെ’ പോലെ പെരുമാറണോ എന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല ചോദ്യമുന്നയിച്ചു. കുടുംബത്തിന് അല്ല രാജ്യത്തിനാണ് ആദ്യ സ്ഥാനം നൽകേണ്ടത് എന്നാണ് ശശി തരൂർ വ്യക്തമാക്കുന്നത് എന്നും ഷെഹ്‌സാദ് പൂനവാല അഭിപ്രായപ്പെട്ടു. എന്നാൽ രാഹുൽ ഗാന്ധിക്ക് ഈ സന്ദേശം മനസ്സിലാകുമോ? അതോ ശശിക്കെതിരെ ഒരു ഫത്‌വ കൂടി ഇറക്കുമോ എന്നും അദ്ദേഹം ചോദിച്ചു.












Discussion about this post