കോഴിക്കോട്: ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവ് പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടിയിൽ മുഹമ്മദ് ഷാഫി(38)യുടെ വീഡിയോ പുറത്ത്. സൗദിയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന സ്വർണത്തിന്റെ പങ്ക് ചോദിച്ചാണ് തന്നെ കടത്തിക്കൊണ്ടു വന്നതെന്നും എത്രയും വേഗം മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഷാഫി പറയുന്നുണ്ട്. എന്നാൽ ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ എവിടെയാണെന്നോ ഉള്ള കാര്യത്തിൽ വ്യക്തതയില്ല. ഷാഫി ഇക്കാര്യങ്ങൾ വീഡിയോയിൽ പറയുന്നില്ല.
” 325 കിലോ സ്വർണം ഞാനും ബ്രദറും കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ കിഡ്നാപ് ചെയ്തിരിക്കുന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങൾ നടന്നിട്ടില്ലെങ്കിൽ അവർ കേസും കൂട്ടവും പോലീസും പ്രശ്നവും കാര്യങ്ങളുമൊക്കെ ആക്കും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കിൽ വേറൊരു വഴിയോ കാര്യങ്ങളോ ഉണ്ടാകില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങൾ ചെയ്യുക. പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട് കാര്യമില്ലെന്നും” ഷാഫി വീഡിയോയിൽ പറയുന്നു.
തട്ടിക്കൊണ്ടുപോയവർ നിർബന്ധിച്ച് ചിത്രീകരിച്ച വീഡിയോയാണ് നിലവിൽ പുറത്തുവന്നിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. വീഡിയോ ചിത്രീകരിച്ച സ്ഥലവും മറ്റും തിരിച്ചറിയാതിരിക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മാസം ഏഴാം തിയതിയാണ് രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടു പോകുന്നത്.












