ന്യൂഡൽഹി: ഹിന്ദു ഹൃദയ സാമ്രാട്ട് ഛത്രപതി ശിവാജിയുടെ ഉടവാൾ ‘ജഗദംബ‘ ബ്രിട്ടണിൽ നിന്നും ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി ചർച്ചകൾ ആരംഭിച്ചതായി മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് മന്ത്രി സുധീർ മുംഗന്തിവാർ പറഞ്ഞു. മറാഠ സാമ്രാജ്യ സ്ഥാപനത്തിന്റെയും ഛത്രപതി ശിവാജിയുടെ കിരീടധാരണത്തിന്റെയും 350ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഉടവാൾ ഇന്ത്യയിൽ എത്തിക്കുന്നത്.
നിലവിൽ ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിലാണ് വാൾ സൂക്ഷിച്ചിരിക്കുന്നത്. 1875-76ലാണ് അന്നത്തെ വെയിൽസ് രാജകുമാരനും പിനീട് എഡ്വേർഡ് ഏഴാമൻ രാജാവായി അവരോധിതനുമായ ആൽബർട്ട് എഡ്വേർഡ് ഇന്ത്യയിൽ നിന്നും വാൾ കൊണ്ടുപോയത്. ശിവാജി നാലാമൻ സമ്മാനമായി നൽകിയ വാളായതിനാൽ, ഒരു വർഷത്തെ പ്രദർശനത്തിനായിട്ടായിരിക്കും ഇത് രാജ്യത്തേക്ക് തിരികെ കൊണ്ടുവരിക.
ഉടവാൾ ഇന്ത്യയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ഇതിനായി യുകെ അധികൃതരുമായി ചർച്ചകൾ നടത്തുന്നതിന് വേണ്ടി മഹാരാഷ്ട്ര സർക്കാർ പ്രതിനിധി മെയ് മാസത്തിൽ ലണ്ടൻ സന്ദർശിക്കും.
1674ലാണ് മറാഠാ സാമ്രാജ്യത്തിന്റെ അധിപതിയായി ഛത്രപതി ശിവാജി സ്ഥാനമേൽക്കുന്നത്. 2024ലാണ് ഇതിന്റെ 350ാം വാര്‍ഷികം. അദ്ദേഹത്തിന് ‘ഭവാനി, ജഗദംബ, തുൾജ‘ എന്നിങ്ങനെ മൂന്ന് വാളുകളാണ് ഉണ്ടായിരുന്നത്. ഭവാനിയും തുൾജയും പടവാളുകളും ജഗദംബ ഉടവാളുമാണ്. ഭവാനി സത്താറയിലും തുൾജ സിന്ധുദർഗ് കോട്ടയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
Discussion about this post