ന്യൂഡൽഹി: തമിഴ് ജനതക്ക് പുതുവത്സര ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് ജനതയും സംസ്കാരവും അനശ്വരവും ആഗോള പ്രസക്തവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി എൽ മുരുകന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നടന്ന തമിഴ് പുത്താണ്ട് ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു.
ചെന്നൈ മുതൽ കാലിഫോർണിയ വരെയും മധുര മുതൽ മെൽബൺ വരെയും സ്വന്തം സംസ്കാരവും പാരമ്പര്യവും അഭിമാനപൂർവം കൊണ്ടുനടക്കുന്നവരാണ് തമിഴ് ജനത. പൊങ്കൽ ആയാലും പുത്താണ്ട് ആയാലും ലോകമെമ്പാടും തമിഴ്മക്കൾ ആവേശപൂർവം കൊണ്ടാടുന്നു. പുരാതന സംസ്കൃതിയും ആധുനികതയും ഒത്തുചേരുന്ന ഉത്സവമാണ് പുത്താണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ്. ഓരോ ഇന്ത്യക്കാരനും ഇക്കാര്യത്തിൽ അഭിമാനിക്കുന്നു. തമിഴ് സാഹിത്യവും തമിഴ് സിനിമാ വ്യവസായവും അതുല്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
താൻ ഗുജറാത്തിൽ എം എൽ എ ആയിരിക്കുന്ന സമയത്ത് നിരവധി തമിഴ്നാട്ടുകാർ അയൽക്കാരായിരുന്നു. അവരാണ് അന്ന് വോട്ട് നൽകി ജയിപ്പിച്ച് തന്നെ എം എൽ എയും മുഖ്യമന്ത്രിയും ആക്കിയത്. അവരുമായി പങ്കുവെച്ച നല്ലകാലം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു.
സ്വാതന്ത്ര്യ സമരത്തിലും തമിഴ് ജനതയുടെ സംഭാവനകൾ വിസ്മരിക്കാവുന്നതല്ല. സ്വാതന്ത്ര്യാനന്തര രാഷ്ട്ര പുനർനിർമാണത്തിൽ തനതായ പങ്കുവഹിച്ച തമിഴ് ജനത രാജ്യത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. ആരോഗ്യ രംഗത്തും നിയമ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും തമിഴ് ജനതയുടെ സംഭാവനകൾ സമാനതകളില്ലാത്തവയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഐക്യരാഷ്ട്ര സഭയിൽ തമിഴിന്റെ മഹത്വം ഉദ്ഘോഷിക്കാൻ അവസരം ലഭിച്ചത് അഭിമാനകരമായ അനുഭവമായിരുന്നു. നിയമസഭ ചേരൽ, അംഗങ്ങളുടെ യോഗ്യതകൾ, തിരഞ്ഞെടുപ്പ് പ്രക്രിയ, അയോഗ്യത തുടങ്ങിയ ജനാധിപത്യ ആശയങ്ങളെ സംബന്ധിക്കുന്ന 1200 വർഷം പഴക്കമുള്ള പുരാതന രേഖകൾ തമിഴ്നാട്ടിൽ നിന്ന് കണ്ടെടുത്തിട്ടുള്ള കാര്യവും പ്രധാനമന്ത്രി വിശദീകരിച്ചു.
Discussion about this post