ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനായി വാട്ട്‌സ്ആപ്പില്‍ പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ വരുന്നു. സന്ദേശങ്ങളിലും സ്വകാര്യതയിലും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളും സുരക്ഷയും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അക്കൗണ്ട് പ്രൊട്ടക്ട്, ഡിവൈസ് വേരിഫിക്കേഷന്‍, ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകള്‍ എന്നിവയടക്കം നിരവധി സുരക്ഷ ക്രമീകരണങ്ങളാണ് വാട്ട്‌സ്ആപ്പ് പുതിയതായി അവതരിപ്പിക്കുന്നത്. വരുംമാസങ്ങളില്‍ പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തനക്ഷമമാകും.
വാട്ട്‌സ്ആപ്പ് അക്കൗണ്ട് പുതിയ ഉപകരണത്തിലേക്ക് മാറ്റുമ്പോള്‍ യഥാര്‍ത്ഥ ഉപയോക്താവ് തന്നെയാണ് ഇത് ചെയ്യുന്നതെന്ന് ഉറപ്പിക്കാനുള്ള സംവിധാനമാണ് അക്കൗണ്ട് പ്രൊട്ടക്ട്. ഇത്തരത്തില്‍ പുതിയ ഉപകരണത്തില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പഴയ ഉപകരണത്തില്‍ ഇത് സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ വരുകയും വേരിഫിക്കേഷന്‍ ആവശ്യപ്പെടുകയും ചെയ്യും. മറ്റാരെങ്കിലും അക്കൗണ്ട് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ യഥാര്‍ത്ഥ ഉപയോക്താവിന് ഇക്കാര്യം അറിയാന്‍ സാധിക്കുമെന്നതാണ് ഈ ഫീച്ചര്‍ കൊണ്ടുള്ള ഗുണം.
മൊബൈല്‍ ഉപകരണങ്ങളിലെ മാല്‍വെയറുകളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള സംവിധാനമാണ് ഡിവൈസ് വേരിഫിക്കേഷന്‍. ഇത്തരം മാല്‍വെയറുകള്‍ക്ക് ഉപയോക്താക്കളുടെ അനുമതി കൂടാതെ തന്നെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാനും അവരുടെ അറിവില്ലാതെ സന്ദേശങ്ങള്‍ അയക്കാനും സാധിക്കും. ഉപയോക്താക്കളുടെ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാനും ഉപകരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാല്‍വെയറുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവയില്‍ നിന്ന് സംരക്ഷണം നല്‍കാനും ഉപയോക്താക്കളുടെ ഇടപെടല്‍ കൂടാതെ തന്നെ വാട്ട്‌സ്ആപ്പ് തനിയെ പരിശോധനകള്‍ നടത്തുന്ന സംവിധാനമാണ് ഡിവൈസ് വേരിഫിക്കേഷന്‍.
വാട്ട്‌സ്ആപ്പിലെ സുരക്ഷയെ കുറിച്ച് ഏറെ ആശങ്കയുള്ളവര്‍ക്ക് സെക്യൂരിറ്റി കോഡ് വേരിഫിക്കേഷന്‍ ഫീച്ചര്‍ ഉപയോഗിക്കാനുള്ള അവസരവും കമ്പനി നല്‍കുന്നുണ്ട്. ഉദ്ദേശിച്ച ആളുമായി തന്നെയല്ലേ തങ്ങള്‍ ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. കീ ട്രാന്‍സ്പരന്‍സി എന്ന പ്രക്രിയയെ അടിസ്ഥാനമാക്കി ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡ് ഫീച്ചര്‍ അവതരിപ്പിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ഉപയോക്താക്കളുടെ കണക്ഷന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഉപയോക്താക്കള്‍ക്കെല്ലാം വളരെ എളുപ്പത്തില്‍ തങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്് നിരവധി സംവിധാനങ്ങള്‍ വാട്ട്‌സ്ആപ്പ് ഒരുക്കിയിട്ടുണ്ടെങ്കിലും ടു-സ്റ്റെപ്പ് വേരിഫിക്കേഷന്‍, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പുകള്‍ എന്നീ രണ്ട് ഫീച്ചറുകളില്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് നിയന്ത്രണനുമതി ഉള്ളൂ. ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ പരമാവധി സ്വകാര്യവും സുരക്ഷിതവുമാക്കി നിലനിര്‍ത്തുന്നതിന് ഇനിയും പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ഉപയോക്താക്കള്‍ പുതിയ ഫീച്ചറുകള്‍ ഉപയോഗപ്പെടുത്തണമെന്നും കമ്പനി ആവശ്യപ്പെട്ടു.
Discussion about this post